handi-craft
രാജേഷും ശശിയും നിർമ്മിച്ച കരകൗശല വസ്തുക്കൾ

നീലേശ്വരം: കൊവിഡ് കാലത്ത് പെയിന്റിംഗ് ജോലി കുറഞ്ഞതോടെ കരകൗശല നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് സഹോദരങ്ങൾ. ചോയ്യങ്കോട് കക്കോലിലെ രാജേഷ് വെങ്ങച്ചേരി, ശശി കക്കോൽ എന്നിവരാണ് ഇപ്പോൾ ചിരട്ടകൊണ്ടുള്ള കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.

കൂലി പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന ഇവർക്ക് കൊവിഡ് വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ശശിയും രാജേഷും പ്രതിസന്ധി മറികടക്കാൻ പൂർവ്വികൾ ചെയ്തിരുന്ന ജോലികൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് നേരത്തെ കണ്ടുശീലിച്ച ഇവർക്ക് ഇതേക്കുറിച്ച് നല്ല പരിജ്ഞാനമുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് ചിരട്ടകൾ ശേഖരിച്ചാണ് കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങിയത്.

ആദ്യ ദിവസങ്ങളിൽ കുറച്ച് പ്രയാസങ്ങളുണ്ടായെങ്കിലും പിന്നീട് കാര്യങ്ങൾ എളുപ്പമായി. ഇപ്പോൾ ചിരട്ട കൊണ്ടുള്ള കയിൽ, ജഗ്ഗ്, ഗ്ലാസ്, സ്പൂൺ, അലങ്കാര തോണി എന്നിവ നിർമ്മിക്കാൻ തുടങ്ങി. ആവശ്യക്കാർ സാധനങ്ങൾ ചോദിച്ച് വരാനും തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് ചിരട്ടയുടെ അഭാവം ഇപ്പോളിവരുടെ നിർമ്മാണത്തെ ബാധിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ചിരട്ട വാങ്ങാൻ പണം കൊടുത്തു വാങ്ങുക പ്രയാസമാണെന്ന് ഇവർ പറയുന്നു.