പിലിക്കോട്: കലകൾ മനുഷ്യമനസുകളെ ഒന്നിപ്പിക്കുമെന്ന് സിനിമാ പിന്നണി ഗായകനും സാഹിത്യകാരനുമായ വി.ടി മുരളി അഭിപ്രായപ്പെട്ടു. പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി നവരാത്രിയോടനുബന്ധിച്ച് ഏഴ് ദിവസങ്ങളിലായി സംഘടിപ്പിച്ച വാഞ്ചിതം സംഗീതോത്സവ സമാപനത്തോടനുബന്ധിച്ചുള്ള കലാസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൈൻ ആർട്സ് സൊസൈറ്റികൾ തീർത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കലാകാരൻമാരുടെ പച്ച തുരുത്തായി മാറാൻ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. പിഫാസോ മുൻ പ്രസിഡന്റ് എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് എരവിൽ സ്വാഗതവും ഭരണ സമിതിയംഗം കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് നടന്ന കലാസന്ധ്യയിൽ ഉസ്താദ് ഹസ്സൻ ഭായ് ഷഹനായി, ജോൺസൺ പുഞ്ചക്കാട് പുല്ലാങ്കുഴൽ, കുട്ടമത്ത് ജനാർദ്ദനൻ ഓട്ടംതുള്ളൽ, രാധികാ ഷെട്ടി മാംഗ്ലൂർ മോഹിനിയാട്ടം, ശ്രുതി ബി ചന്ദ്രൻ കുച്ചുപ്പുടി എന്നിവ അവതരിപ്പിച്ചു.