കാസർകോട്: തിരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ കാസർകോട് നഗരസഭയിൽ ഭരണപക്ഷം നേട്ടങ്ങളുടെ നീണ്ട പട്ടികയാണ് മുന്നോട്ടുവെക്കുന്നത്. ചെയര്‌പേഴ്സണും വൈസ് ചെയർമാനും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ഒഴികെയുള്ള യു .ഡി. എഫിലെ പുതുസംഘം കാലാവധി പൂർത്തിയാക്കുമ്പോൾ വികസനത്തെ ചൊല്ലിയുള്ള സമരങ്ങളുടെ വേലിയേറ്റമൊന്നും ഉണ്ടായിട്ടില്ല. പക്ഷെ തുടക്കം മുതൽ ഉ അഴിമതി ആരോപണവും പരാതികളും വിജിലൻസ് കേസുകളും ഉയർന്നത് ചെറിയതോതിലെങ്കിലും ഭരണപക്ഷത്തിന്റെ അവകാശവാദങ്ങളുടെ നിറംകെടുത്തിയിട്ടുണ്ടെന്നത് സത്യം.
സമീപകാലം വരെ മാലിന്യവിഷയത്തിൽ തുടർ പ്രക്ഷോഭം നേരിടേണ്ടിവന്ന ഈ നഗരസഭയിൽ പുതിയ ഭരണസമിതിയുടെ കാലത്ത് നാല് കേന്ദ്രങ്ങളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. നാലിടങ്ങളിൽ മാലിന്യങ്ങൾ മാറ്റുന്നതിന് സൗകര്യവുമൊരുക്കി. 500 ഓളം വീടുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ സൗകര്യമൊരുക്കി. ആവിഷ്‌ക്കരിച്ച 700 പദ്ധതികളിൽ അറുന്നൂറും പൂർത്തിയാക്കിയെന്നും മറ്റുള്ളവ അവസാന ഘട്ടത്തിത്തിലാണെന്നും ഭരണപക്ഷം പറയുന്നു. 450 കുടുംബങ്ങൾക്ക് വീട് നൽകി. ഗതാഗതം, കായികം , കുടുംബശ്രീ, ടൂറിസം, മത്സ്യത്തൊഴിലാളി മേഖലകളിലെല്ലാം ബഹുമുഖ പദ്ധതികൾ നടപ്പിലാക്കി. കൊപ്പൽ നടപ്പാലം, കെ. പി .ആർ റാവു റോഡ് മെക്കാഡം, ജനറൽ ആശുപത്രി വൺവേ പദ്ധതി, കുട്ടികളുടെ പാർക്ക് ആധൂനികവത്ക്കരണം, വിദ്യാനഗർ സ്റ്റേഡിയം സ്‌ക്വയർ, സന്ധ്യാരാഗം തീയേറ്റർ പുതുക്കിപണിയൽ തുടങ്ങിയ പദ്ധതികൾ എണ്ണിപ്പറയുകയാണ് ഭരണപക്ഷം.
കാസർകോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അഞ്ചു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തത് ഇപ്പോഴും തലവേദനയായി നിൽക്കുന്നുണ്ട്. സ്വന്തമായി സ്ഥലം ഇല്ലാത്ത വിഷയമാണ് ഇതിന് തടസം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേക പാർക്കിംഗ് സൗകര്യം ഉണ്ടാക്കുന്നതിന് ശ്രമം നടക്കുന്നുവെന്നതാണ് ആശ്വാസം. നഗരത്തിലെ ജനങ്ങൾ ഉപ്പുവെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ കിഫ്ബി ഫണ്ട് ഉപയോഗിച്ചു കുടിവെള്ള പദ്ധതിക്കായി പുലിക്കുന്നിൽ സ്ഥലം വിട്ടുകൊടുത്തത് നഗരസഭ എടുത്തുപറയുന്നുണ്ട്. ഇതോടെ കുടിവെള്ള പ്രശ്നത്തിനും പരിഹാരമായെന്നും ഭരണപക്ഷം അവകാശപ്പെടുന്നു..
'പരിമിതികൾക്ക് അകത്ത് നിന്നുകൊണ്ട് മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ വാർഡുകളിലെല്ലാം ഒരുപോലെ വികസന പദ്ധതികൾ നടപ്പിലാക്കാൻ ശ്രദ്ധിച്ചിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭ മുന്തിയ പരിഗണനയാണ് നൽകിയത്. '
ബീഫാത്തിമ ഇബ്രാഹിം
( ചെയർപേഴ്സൺ)
'വികസനം തീരെയില്ലാത്ത കഴിവുകെട്ട ഭരണമാണ് കഴിഞ്ഞ അഞ്ചു വർഷമാണിത്. എടുത്തുപറയാൻ ഒരു നേട്ടവുമില്ല. ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കാനോ കൈകാര്യം ചെയ്യാനോ അറിയാതെ എല്ലാം ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. തുടക്കത്തിൽ തന്നെ നിരവധി അഴിമതി ആരോപണം നേരിട്ട ഭരണസമിതിക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. അനുകൂല്യങ്ങളെല്ലാം സ്വന്തക്കാർക്ക് വീതിച്ചു നൽകുകയായിരുന്നു. കുടിവെള്ളം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയില്ല. മത്സ്യമാർക്കറ്റ് പോലും പണ്ടുകാലത്ത് ഉണ്ടായിരുന്നത് പോലെ കിടക്കുന്നു' പി. രമേശൻ,(പ്രതിപക്ഷ നേതാവ് )
വാർഡുകൾ 38
മുസ്ളീംലീഗ് 19
ബി .ജെ. പി 13
സി .പി .എം 1
കോൺഗ്രസ് 1
സ്വതന്ത്രർ 4