തലശ്ശേരി: മൂന്ന് പതിറ്റാണ്ടായുള്ള കഠിനപ്രയത്നത്തിനും അലച്ചിലിനുമൊടുവിൽ തയ്യാറാക്കിയ ചതുർഭാഷാ നിഘണ്ടുവിന്റെ പ്രകാശനം നവംബർ ഒന്നിന് നിശ്ചയിച്ചതോടെ ഞാറ്റ്വേല ശ്രീധരൻ ജീവിതസാഫല്യത്തിന്റെ വക്കിൽ.
കേരള സീനിയർ സിറ്റിസൺസ് ഫോറമാണ് ഈ ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. തലശ്ശേരി വ്യാപാരി വ്യവസായി സമിതി ഹാളിൽ രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങിൽ ഡോ. പി.കെ.പോക്കർ നിഘണ്ടു പ്രകാശനം ചെയ്യും. അഡ്വ.കെ.കെ. രമേഷ് പുസ്തകം ഏറ്റുവാങ്ങും.
ദക്ഷിണേന്ത്യൻ നഗരഗ്രാമാന്തരങ്ങളിലൂടെ ദശകങ്ങളോളം നടത്തിയ നീണ്ട അന്വേഷണങ്ങളുടേയും യാത്രകളുടേയും ഒടുവിൽ എട്ട് വർഷത്തോളമെടുത്താണ് ഇദ്ദേഹം നിഘണ്ടു തയ്യാറാക്കിയത്. കടുത്ത ദുരിതം അനുഭവിച്ചായിരുന്നു ഈ പ്രയത്നം. പ്രസാധകരെ തേടിയുള്ള ഓട്ടമായി പിന്നീട്. പ്രസിദ്ധീകരിക്കാമെന്നേറ്റ പലരും പിന്നീട് കൈയൊഴിഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും പിന്മാറി. എന്നാൽ മലയാളം തമിഴ് നിഘണ്ടു അവർ പ്രസിദ്ധീകരിച്ചു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു നിർദ്ധന ബീഡി തൊഴിലാളിയായ ഇദ്ദേഹത്തിന്റെ പ്രയത്നം അംഗീകരിക്കാൻ മടിയായിരുന്നു പല അക്കാഡമിക് പണ്ഡിതന്മാർക്കും. ശബ്ദതാരാവലിയിലും ഗുണ്ടർട്ട് നിഘണ്ടുവിലുമില്ലാത്ത നാടൻ പദങ്ങളുടെ അക്ഷയഖനി കൂടിയാണ് ഈ നിഘണ്ടു. നിലവിലുള്ള ഭാഷാ നിഘണ്ടുവിലെ പോരായ്മകളും തെറ്റുകളും പരിഹരിച്ചു കൊണ്ടാണ് ബഹുഭാഷാ നിഘണ്ടു രചിച്ചിട്ടുള്ളത്. തന്റെ ജന്മം സഫലമാക്കാൻ മുന്നിട്ടിറങ്ങിയ സീനിയർ സിറ്റിസൺസ് ഫോറം ഭാരവാഹികളായ വിജയൻ കൈനാടത്ത്, റിട്ട: മേജർ ജനറൽ ടി.പത്മിനി, പി.കുമാരൻ, പി.പി.ബാലൻ തുടങ്ങിയവരോടുള്ള നന്ദിയും, കേരളകൗമുദിയടക്കമുള്ള മാദ്ധ്യമങ്ങളുടെ പ്രോത്സാഹനങ്ങളും ഈവേളയിൽ ഞാറ്റ്വേല ശ്രീധരൻ അനുസ്മരിക്കുന്നുണ്ട്.