
കണ്ണൂർ:മുപ്പതും നാൽപതും വർഷം ജോലി ചെയ്തിട്ടും മിനിമം ശമ്പളവും ആനുകൂല്യവും നിഷേധിക്കപ്പെട്ട് സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാർ. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ നിഷേധപരമായ നയം തുടരുന്നുവെന്നാണ് ഇവരുടെ പരാതി.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി പതിനായിരത്തിലധികം തൊഴിലാളികൾ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. അധികം പേരും നാൽപത് വർഷം വരെ ജോലി ചെയ്തവരാണ്. മിനിമം വേതനം ഇന്നും ഇവർക്കില്ല. റിട്ടയർമെന്റ് ആനുകൂല്യവുമില്ല. ക്ഷേമനിധിയോ സ്ഥിരപ്പെടുത്തലോ, അടിസ്ഥാന വേതനമോ നിശ്ചയിച്ചിട്ടില്ല. ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകിയതിന്റെ തുച്ഛമായ ഇൻസെന്റീവ് പോലും ആറു മാസമായി കുടിശ്ശികയാണ്. ഇങ്ങനെ പോകുന്നു ഈ വിഭാഗത്തിന്റെ പരാതികൾ.
മുഖം തിരിച്ച് പെൻഷൻ ബോർഡും
ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ അംഗമായവർക്ക് നാൽപത് വർഷം സേവനം പൂർത്തിയാക്കി വിരമിച്ചാലും മിനിമം പെൻഷൻ നൽകാൻ ആവില്ലെന്നാണ് പെൻഷൻ ബോർഡിന്റെ മനോഭാവം. കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് നവംബർ 4ന് എ.ആർ ഓഫീസുകൾക്ക് മുമ്പിലും 5ന് കണ്ണൂർ ജെ.ആർ ഓഫീസിന് മുമ്പിലും ധർണ നടത്താനാണ് കോ ഓപറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം.
ഈ രംഗത്ത് ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും വർദ്ധിപ്പിച്ച മിനിമം വേതനവും പെൻഷനും ഉറപ്പു നൽകണം, ഇതര ജീവനക്കാരെ പോലെ പ്രമോഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും അനുവദിക്കണം, സാമൂഹികക്ഷേമ പെൻഷൻ വിതരണം ചെയ്തതിന്റെ ഇൻസെന്റീവ് കുടിശ്ശിക തീർത്ത് അനുവദിക്കണം
- സുരേഷ് ബാബു മണ്ണയാട് ( കോ.ഓപറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി)