gathagatham

കണ്ണൂർ: വളപട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണാതെ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഉദാസീനത. രാവിലെയും വൈകീട്ടും മണിക്കൂറുകളോളമാണ് കുരുക്ക്. ദേശീയപാതയും കെ.എസ്.ടി.പി പാതയും ചേരുന്ന ഭാഗം ഇത്രയും സങ്കീർണ്ണമായിട്ടും പരിഹരിക്കാൻ പൊലീസുകാരെ നിയോഗിക്കാനും അധികൃതർ തയ്യാറായിട്ടില്ല. കാമറകൾക്ക് മുന്നിൽ മിന്നിതിളങ്ങുന്ന ജില്ലാ പൊലീസ് മേധാവി എന്തുകൊണ്ടാണ് ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ ഉറക്കം നടിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

വളപട്ടണം പൊലീസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും മിക്കപ്പോഴും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. പഴയങ്ങാടി കെ.എസ്.ടി.പി റോഡും ദേശീയപാതയും ചേരുന്ന വളപട്ടണം പാലത്തിന് വടക്കു ഭാഗത്തും ചുങ്കത്തുമാണ് വാഹനങ്ങൾ കുരുക്കിൽ പെടുന്നത്. സ്വകാര്യ ബസ് ഡ്രൈവർമാരും ഇരുചക്ര വാഹനനങ്ങൾ ഓടിക്കുന്നവരുമാണ് കുരുക്കിന് പ്രധാന കാരണക്കാർ. വാഹനങ്ങൾ കുരുക്കിൽപെട്ട് കിടക്കുമ്പോൾപോലും തളിപ്പറമ്പ് ഭാഗത്ത്നിന്ന് വരുന്ന സ്വകാര്യ ബസുകളിൽ ചിലത് ഇടതുഭാഗം ചേർന്ന് പോകേണ്ടതിന് പകരം നുഴഞ്ഞുകയറി മറികടക്കുന്നതാണ് കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം.

ഇതിനിടയിൽകൂടി ഇരുചക്ര വാഹനങ്ങളുടെ നീണ്ട പടയും വരിവരിയായി നിയമലംഘനം നടത്തി കടന്നുപോകും. കെ.എസ്.ടി.പി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുമ്പുതന്നെ ഗതാഗത കുരുക്ക് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കുരുക്ക് അനുഭവപ്പെടുന്ന ഭാഗത്ത് ട്രാഫിക് സർക്കിൾ നിർമ്മിക്കണം എന്ന ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. താത്കാലിക പരിഹാരമായി സിഗ്നൽ ലൈറ്റെങ്കിലും സ്ഥാപിക്കണം എന്ന ആവശ്യത്തോടും അധികൃതർ മുഖം തിരിക്കുകയാണ്.

അടയാളങ്ങൾപോലും റോഡിൽ രേഖപ്പെടുത്തിയിട്ടില്ല. ട്രാഫിക് സർക്കിൾ നിർമ്മിക്കുന്നതിന് ദേശീയപാത അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യമായ സ്ഥലം ലഭ്യമാകാത്തതാണ് വിലങ്ങായി നിൽക്കുന്നത്. ജില്ലാ ഭരണകൂടം വിഷയത്തിൽ താത്പര്യം കാട്ടിയിരുന്നെങ്കിൽ വളപട്ടണം ദേശീയപാതയിൽ ട്രാഫിക് സർക്കിൽ പണിയാനാവശ്യമായ നടപടിക്ക് വേഗത കൂടും. എന്നാൽ അതും ഉണ്ടാകുന്നില്ല. രാവിലെ എട്ടര മുതൽ 11 വരെയും വൈകീട്ട് മൂന്നു മുതൽ ആറുവരെയുമാണ് പ്രധാനമായും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.

പൊലീസ് ഇടപെടും

വളപട്ടണത്തും ചുങ്കത്തും അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലീസ് സാന്നിദ്ധ്യം ശക്തമാക്കും. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകുന്നുണ്ട്. ഇത് കുറെകൂടി കർശനമാക്കും. കുഴികൾ കാരണം വാഹനങ്ങൾ പതുക്കെ പോകേണ്ടിവരുന്നതും കുരുക്കിന് കാരണമാകുന്നു.

പി.ആർ. മനോജ്

വളപട്ടണം സി.ഐ