
കണ്ണൂർ :കൊവിഡിന്റെ മറവിൽ സിമന്റിനും കെട്ടിട സാമഗ്രികൾക്കും അനിയന്ത്രിതമായി വില വർദ്ധിച്ചതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായി. വീട് അടക്കമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ഇതുമൂലം നാലിലൊന്നായി കുറഞ്ഞിരിക്കയാണ്. സിമന്റിനു കടുത്ത ക്ഷാമവുമുണ്ട്. സർക്കാരിന്റെ മുന്നറിയിപ്പുകളെ വക വെക്കാതെയാണ് സിമന്റ് കമ്പനികൾ വില കുത്തനെ കൂട്ടുന്നത്.
ലോക് ഡൗൺ തുടങ്ങുന്നതിനു മുമ്പ് പ്രമുഖ ബ്രാന്റുകളുടെ സിമന്റ് ബാഗിന്റെ മാർക്കറ്റ് വില 300 രൂപ മുതൽ 340 രൂപ വരെ ആയിരുന്നു. ലോക്ക്ഡൗണിനു ശേഷം സിമന്റ് നിർമ്മാണ കമ്പനികൾ ഒറ്റയടിക്ക് 25 ശതമാനം വില വർദ്ധന വരുത്തി 50 കിലോ വരുന്ന ബാഗിന് 390 രൂപ മുതൽ 430 വരെയാണ് വില. സിമന്റ് ചില്ലറ വ്യാപാരികൾക്ക് കമ്പനി നൽകിയിരുന്ന വിവിധ ഡിസ്‌കൗണ്ടുകൾ ഒറ്റയടിക്ക് നൽക്കാത്തതിനു എതിരെയും വൻ വില വർദ്ധനവിനു എതിരെ കേരളത്തിലെ സിമന്റ് ഡീലേഴ്സ് അസോസിയേഷൻ ഒക്ടോബർ രണ്ടാം വാരം മുതൽ സമരം നടത്തിയിരുന്നു.
സിമന്റ് മാർക്കറ്റിൽ കടുത്ത ക്ഷാമവും തുടങ്ങിയിട്ടുണ്ട്. സർക്കാർ ശക്തമായ യാതൊരു ഇടപെടലും നടത്താതെ ആയതോടെ ഡീലർമാർ സമരം ഒക്ടോബർ 26 നു സമരം പിൻവലിച്ചു. ഇതോടെ സിമന്റ് കമ്പനികൾ 27 മുതൽ വീണ്ടും 20ശതമാനം മുതൽ 30ശതമാനം വരെ വില വർദ്ധിപ്പിച്ചു. ഇപ്പോൾ മാർക്കറ്റ് വില 440 രൂപ മുതൽ 510 രൂപ വരെയാണ്.
പൊതുമേഖലാ സിമന്റ് കമ്പനി ചിത്രത്തിലേയില്ല
സംസ്ഥാനത്തെ സിമന്റ് ഉൽപ്പാദിപ്പിക്കുന്ന രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സ്വകാര്യ സിമന്റ് ലോബിക്കായി മാർക്കറ്റിൽ കാര്യമായ ഇടപെടുന്നില്ലെന്ന് ആരോപണവുമുണ്ട്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന മലബാർ സിമന്റ്സ് കോടികളുടെ നഷ്ടം വരുത്തുകയാണ്.
അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധന കാണിച്ച് പി.വി.സി. പൈപ്പ്, ഫിറ്റിംഗ് സ്, ഹൗസ് വയർ, മറ്റു ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണ കമ്പനികൾ 6 മാസത്തിനിടയിൽ 20 മുതൽ 40ശതമാനം വരെ വില വർദ്ധിപ്പിച്ചിട്ടുണ്ട്.
നിർമ്മാണ ജോലി ഏറ്റെടുത്ത കരാറുകാർ അനിയന്ത്രിത വിലവർദ്ധനവ് കാരണം പാതി വഴിയിൽ നിർത്തിവച്ച അവസ്ഥയിലാണ്. എം. സാന്റ്, ഇഷ്ടിക, മെറ്റൽ, ചെങ്കൽ , സിമന്റ്, ഇലക്ട്രിക്കൽ ഉത്പ്പന്നങ്ങൾ എന്നിവയ്ക്കും വില വർദ്ധിച്ചിരിക്കയാണ്.