കണ്ണൂർ: വളപട്ടണത്തെ ഗതാഗത കുരുക്കിന്റെ കാര്യത്തിൽ ജില്ലാ ഭരണകൂടവും പൊലീസും ഇപ്പോഴും ഉറക്കത്തിലാണ്. രാവിലെയും വൈകുന്നേരവും ഉണ്ടാകുന്ന ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കുന്ന കാര്യത്തിൽ പോലും ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടില്ലെന്നതാണ് സത്യം. കുരുക്ക് കണ്ടറിഞ്ഞ് നിയന്ത്രിക്കാൻ ചുമതലപ്പെട്ട വളപട്ടണം പൊലീസിനാകട്ടെ പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും ലക്ഷ്യത്തിലെത്താൻ കഴിയുന്നുമില്ല.
മിക്കപ്പോഴും ഇവിടെ പൊലീസ് സാന്നിദ്ധ്യം ഉണ്ടാകാറില്ലെന്നതാണ് വാസ്തവം. പഴയങ്ങാടി കെ.എസ്.ടി.പി റോഡ് ദേശീയപാതയിൽ ചേരുന്ന വളപട്ടണം പാലത്തിന് വടക്കു ഭാഗത്തും ചുങ്കത്തുമാണ് മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിൽ പെടുന്നത്. സ്വകാര്യ ബസ് ഡ്രൈവർമാരും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുമാണ് കുരുക്കിന് പ്രധാന കാരണക്കാരെന്ന പരാതിയുമുണ്ട്. വാഹനങ്ങൾ കുരുക്കിൽപെട്ട് കിടക്കുമ്പോൾപോലും തളിപ്പറമ്പ് ഭാഗത്ത്നിന്ന് വരുന്ന സ്വകാര്യ ബസുകളിൽ ചിലത് ഇടതുഭാഗം ചേർന്ന് പോകേണ്ടതിന് പകരം നുഴഞ്ഞുകയറി മറികടക്കുന്നതാണ് കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം.
ഇതിനിടയിൽകൂടി ഇരുചക്ര വാഹനങ്ങളുടെ നീണ്ട പടയും ഉറുമ്പുകളെപോലെ വരിവരിയായി പോവുകയാണ്. കെ.എസ്.ടി.പി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുമ്പുതന്നെ ഗതാഗത കുരുക്ക് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കുരുക്ക് അനുഭവപ്പെടുന്ന ഭാഗത്ത് ട്രാഫിക് സർക്കിൾ നിർമ്മിക്കണം എന്ന ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. ഒന്നുമില്ലെങ്കിൽ താത്ക്കാലിക പരിഹാരത്തിന് സിഗ്നൽ സ്ഥാപിക്കണം എന്ന ആവശ്യത്തോടും അധികൃതർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. രാവിലെ എട്ടര മുതൽ 11 വരെയും വൈകുന്നേരം മൂന്നു മുതൽ ആറുവരെയുമാണ് പ്രധാനമായും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.
ഇത്തിരി സ്ഥലം കിട്ടിയിരുന്നുവെങ്കിൽ..
മാസങ്ങളായി ഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോഴും ഗതാഗതം സുഗമമാക്കുന്നതിനുള്ള അടയാളങ്ങൾപോലും റോഡിൽ രേഖപ്പെടുത്തിയിട്ടില്ല. ട്രാഫിക് സർക്കിൾ നിർമ്മിക്കുന്നതിന് ദേശീയപാത അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യമായ സ്ഥലം ലഭ്യമാകാത്തതാണ് വിലങ്ങായി നിൽക്കുന്നത്. ജില്ലാ ഭരണകൂടം വിഷയത്തിൽ താത്പര്യം കാട്ടിയിരുന്നെങ്കിൽ വളപട്ടണം ദേശീയപാതയിൽ ട്രാഫിക് സർക്കിൾ പണിയാനാവശ്യമായ നയപടിക്ക് വേഗത കൂടും.
ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലീസ് സാന്നിദ്ധ്യം ശക്തമാക്കും. നിലവിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെ ശിക്ഷകൾ നൽകുന്നുണ്ട്. ഇത് കുറേകൂടി കർശനമാക്കും. റോഡിലുള്ള കുഴികൾ കാരണം വാഹനങ്ങൾ പതുക്കെ പോകേണ്ടിവരുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്.
വളപട്ടണം സി.ഐ പി.ആർ. മനോജ്