photo

പഴയങ്ങാടി:മ്യൂറൽ ചിത്രങ്ങളുടെ സങ്കലനത്തിലൂടെ വിസ്മയം രചിക്കുകയാണ് അടുത്തില ചെവിടിച്ചാലിലെ അനുറിയ എന്ന പത്താംക്ളാസുകാരി.ഇതിനകം നൂറുകണക്കിന് ചിത്രങ്ങൾ വരച്ച ഈ മിടുക്കി മഹാവിഷ്ണു, അനന്തനാഗം, ലക്ഷ്മിദേവി, ഭൂമിദേവി, നാരദമഹർഷി നന്ദികേശൻ, ശുകമഹർഷി ,മുനിവരന്മാർ , ബ്രഹ്മാവ്, സനകാദി മഹർഷിമാർ, ഇന്ദ്രൻ, ദേവഗണങ്ങൾ, ഗരുഡൻ, സൂര്യൻ, ചന്ദ്രൻ, ശിവലിംഗം, കൂർമ്മം, മത്സ്യം, ശംഖ്, അരയന്നങ്ങൾഎന്നിങ്ങനെ 25 കഥാപാത്രങ്ങളിലൂടെ 31 ചിത്രങ്ങളുടെ സങ്കലനമാണ് 'അനന്തശയന'ത്തിൽ ഒരുക്കിയത്.

രണ്ടര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള കാൻവാസുകളിലാണ് ചിത്രങ്ങൾ വരച്ചെടുത്തിട്ടുള്ളത്. മാടായി ഗവ:ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ അനുറിയ ഓൺലൈൻ പഠനത്തിനിടയിലാണ് മ്യൂറൽ പെയിന്റിംഗ് ചെയ്യുന്നത്. മാടായികാവ്,ക്ഷേത്ര കലാ അക്കാഡമിയിലെ ചിത്രകലാ അദ്ധ്യാപകനായ ശ്രീകുമാറിന്റെ കീഴിലാണ് ഈ പെൺകുട്ടി ചിത്രരചന അഭ്യസിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണം കാരണം അക്കാഡമിയിൽ പഠനം നടക്കാത്തതിനാൽ ഫോൺ വഴിയുള്ള നിർദേശത്തിലാണ് അനന്തശയനം ചിത്രം പൂർത്തിയാക്കിയത്.
ഗീതോപദേശം, ശ്രീഗണേശൻ, അർദ്ധനാരീശ്വരൻ, നടരാജ പ്രദോഷ നൃത്തം, മാതാവും ഉണ്ണീശോയും, കൃഷ്ണനും രാധയും തുടങ്ങി നിരവധി മ്യൂറൽ ചിത്രങ്ങളും, ഗ്ലാസ് പെയിന്റിംഗുകളും അനുറിയുടെ ചിത്ര ശേഖരത്തിലുണ്ട്, നെരുവമ്പ്രം യു.പി.സ്‌കൂളിലെ ആറാംതരം വിദ്യാർത്ഥിയായ അനുജൻ അബിജോയലും ചിത്രരചനയിൽ അനുറിയയുടെ വഴിയിലാണ്. കണ്ണൂർ ഡിവൈ.എസ്.പി ഓഫിസിലെ സിവിൽ പൊലിസ് ഓഫീസർ അജീഷിന്റെയും സുനിതയുടെയും മകളാണ് അനുറിയ.