നീലേശ്വരം: നിർമ്മാണം പൂർത്തിയാക്കി 15 വർഷത്തോളം പൊടിപിടിച്ചുനിന്നിരുന്ന മാലിന്യസംസ്കരണ പ്ളാന്റ് പ്രവർത്തിപ്പിക്കാനായി എന്നതാണ് നീലേശ്വരം നഗരസഭയിൽ ഈ ഭരണസമിതിയ്ക്ക് എടുത്തുകാട്ടാൻ പ്രധാനമായും ഉള്ളത്. നഗരത്തെ ശ്വാസം മുട്ടിച്ച പ്ളാസ്റ്റിക്ക് മാലിന്യങ്ങളെ പൊടിച്ച് ക്ളീൻ കേരള കമ്പനിയ്ക്ക് കൈമാറുകയും റോഡ് ടാറിംഗിനുള്ള ഉത്പന്നമാക്കി മാറ്റുകയും ചെയ്ത് ചിറപ്പുറത്തെ പ്ളാൻഡ് മാതൃക തീർത്തിട്ടുണ്ടെന്ന് പറയാം.
പഞ്ചായത്തായിരിക്കെയാണ് മാലിന്യസംസ്കരണ പ്ളാന്റ് തുറന്നത്. ഇതിന് ശേഷം നഗരസഭയായി ഉയർത്തിയപ്പോഴും പ്രാദേശികമായ എതിർപ്പ് മൂലം പ്ളാന്റ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ചോർന്നൊലിക്കുന്ന പഴയ പഞ്ചായത്ത് ഓഫീസിൽ ഞെരുങ്ങിയാണ് നഗരസഭയുടെ ഓഫീസ് പ്രവർത്തിച്ചുവരുന്നത്. അറുപത് വർഷം പഴക്കമുള്ള കെട്ടിടമാണിത്. നഗരത്തിന്റെ ഹൃദയഭാഗത്ത് ഏഴുകോടി ചിലവിൽ 75 സെന്റ് സ്ഥലം വിലക്ക് വാങ്ങി ആധുനിക ഓഫീസ് ഒരുങ്ങുകയാണ്. കൊവിഡ് മൂലമാണ് ഇതിന്റെ നിർമ്മാണം ഇതിനകം പൂർത്തിയാകാതിരുന്നത്. .
നഗരസഭയുടെ പരിധിയിൽ സ്വകാര്യ വ്യക്തികൾ കൈയേറിയ 3.50 ഏക്കറോളം സ്ഥലം വീണ്ടെടുത്തതും നേട്ടമായി. സംസ്ഥാനത്ത് ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തുകയും ചിലവാക്കുകയും ചെയ്ത നഗരസഭയാണ് നീലേശ്വരം .ലൈഫ് ,പി.എം.എ.വൈ പദ്ധതിയിൽ 539 വീടുകളും നിർമ്മിച്ച് നൽകി. അതോടൊപ്പം മുൻകാലങ്ങളിൽ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ പൂർത്തിയാകാതെ കിടന്നിരുന്ന വീടുകൾ പൂർത്തീകരിച്ച് കൈമാറുകയും ചെയ്തു.അതെ സമയം പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയ ഇടത്ത് പുതിയത് നിർമ്മിക്കുന്നതിനുള്ള ശ്രമം എങ്ങുമെത്താത്തത് കടുത്ത വിമർശനത്തിന് ഇടയാക്കുന്നുമുണ്ട്.നഗരത്തിലെ ചില പോക്കറ്റ് റോഡുകളുടെ ദയനീയമായ അവസ്ഥയും ഭരണസമിതിയ്ക്കെതിരെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നൂറുകണക്കിന് ബസുകൾ കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിൽ തട്ടിക്കൂട്ടിയ ആസ്ബറ്റോസ് കെട്ടിടത്തിലാണ് ഇപ്പോൾ യാത്രക്കാർ കയറിനിൽക്കുന്നത്. ബസ് സ്റ്രാൻഡിൽ പ്രവർത്തിച്ചിരുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളെ ഒഴിപ്പിച്ചതുവഴി കിട്ടിക്കൊണ്ടിരുന്ന വരുമാനവും നിലച്ചു. മറ്റ് നഗരസഭകളെ പോലെ തനത് വരുമാനം തുലോം കുറവായതിനാൽ താരതമ്യം ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന അഭിപ്രായവും ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം പങ്കുവെക്കുന്നു. പേരോലിലെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ കെട്ടിടസൗകര്യമടക്കം ഏർപ്പെടുത്തി മികവുറ്റതാക്കിയത് ഏതായാലും നഗരസഭ കൗൺസിലിന്റെ നേട്ടം തന്നെയാണ്. കാര്യങ്കോട്ട് നഗരപ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തനമാരംഭിച്ചതും എടുത്തുപറയാം. കൃഷി, മൃഗസംരക്ഷണം ക്ഷീരമേഖലയിൽ നൂറുശതമാനം തുക വിനിയോഗിച്ചതും മികവിന്റെ സാക്ഷ്യങ്ങളാകുന്നു.കടിഞ്ഞിമൂലയിലെ ഇൻഡോർ ബാഡ്മിന്റൺ സ്റ്റേഡിയവും ഈ ഭരണസമിതിയുടെ കാലത്ത് പൂർത്തീകരിച്ചതാണ്.
'നീലേശ്വരം നഗരസഭയിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ കാലഘട്ടമാണിത്. രാജാറോഡ് വികസനം, കച്ചേരിക്കടവ് പാലം,എന്നീ പദ്ധതികൾക്ക് പിന്നിൽ നഗരസഭയുടെ പരിശ്രമവുമുണ്ട്. ഇ.എം.എസ് സ്റ്റേഡിയം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ലൈഫ് പദ്ധതി മാതൃകാപരമായി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. സമഗ്രമേഖലയേയും സ്പർശിക്കാൻ സാധിച്ചു.
പ്രൊഫ.കെ.പി.ജയരാജൻ (നഗരസഭ ചെയർമാൻ)
നഗരസഭ ചെയർമാൻ വാചകമടി നടത്തുമെന്നതല്ലാതെ പത്തുപേർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭം നീലേശ്വരത്ത് വന്നിട്ടില്ല. മൂന്ന് സർക്കാർ ഓഫീസുകൾ ഇവിടെ നിന്ന് മാറ്റിയപ്പോൾ അതിനെ നിലനിർത്താൻ കഴിഞ്ഞിട്ടില്ല.ഒരു വികസനപ്രവൃത്തി പോലും നഗരസഭ പൂർത്തിയാക്കിയിട്ടില്ല-
നഗരസഭ യു.ഡി.എഫ് കൗൺസിലർ എറുവാട്ട്‌മോഹനൻ.
ആകെ കൗൺസിൽ അംഗങ്ങൾ 32, എൽ.ഡി.എഫ്.19. യു.ഡി.എഫ്. 13