ambadi
അമ്പാടി കോഴികൾക്ക് തീറ്റ കൊടുക്കുന്നു

കാഞ്ഞങ്ങാട്:അനുദിനം വിലകയറുന്ന കോഴിത്തീറ്റ നൽകിയുള്ള കോഴിവളർത്തൽ അത്ര ലാഭകരമല്ലെന്ന് കർഷകരൊന്നടങ്കം പറയും. കർഷകന് ലഭിക്കേണ്ടുന്ന വരുമാനത്തിന്റെ സിംഹഭാഗവും അങ്ങനെ തീറ്റ ഫാക്ടറികൾക്ക് നൽകാൻ ഏതായാലും പുങ്ങംചാൽ കൊടിയംകുണ്ടിലെ ഇടത്തിൽവീട്ടിൽ അമ്പാടി തയ്യാറല്ല. മുട്ടക്കോഴികളെ മഞ്ചാടി ഇലകളും വാഴപ്പിണ്ടികളും തിന്നാൻ പഠിപ്പിച്ചെടുത്ത് വിജയം കണ്ടിരിക്കുകയാണ് ഈ മലയോരകർഷകൻ.

വാഴപ്പിണ്ടി ചെറുകഷണങ്ങളാക്കി ഇട്ടുകൊടുത്താൽ കോഴികൾ അപ്പോൾ തന്നെ അകത്താക്കും. ഹൈടെക്ക് കോഴിക്കൂടൊന്നും അമ്പാടിക്കില്ല. വീട്ടുമുറ്റത്ത് വലകെട്ടിയാണ് ഇവയെ വളർത്തുന്നത്. എല്ലാ കോഴികളും നല്ല ആരോഗ്യത്തോടെ മുട്ടയിട്ടും തുടങ്ങി. മകൾ ലക്ഷ്മിക്ക് ഗ്രാമസഭ വഴി ലഭിച്ചതാണ് കോഴിക്കുഞ്ഞുങ്ങളെ.ഇവയെ വളർത്തിയതും പച്ചിലകൾ തിന്നാൻ പഠിപ്പിച്ചതും അമ്പാടിയാണ്. രാത്രിയിൽ കോഴികൾക്ക് അപകടമൊന്നും വരാതിരിക്കാൻ ചെറിയൊരു കൂടും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ ഗോതമ്പു മണികൾ വിതറിക്കൊടുത്താൽ അത് അതേപടി കിടക്കും. ഇലകൾ മുറിച്ചിട്ടുകൊടുത്താൽ നിമിഷ നേരം കൊണ്ട് അവ കൊത്തി അകത്താക്കും​-ഇതാണ് അമ്പാടിയുടെ പരിശീലനത്തിന്റെ മികവെന്ന് നാട്ടുകാർ പറയും.