കാസർകോട്: ടാറ്റയുടെ കൊവിഡ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ സർക്കാരും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ വിഢികളാക്കുന്ന ഒരുതരം ഗിമ്മിക്ക് ആണ് കളിക്കുന്നത്. മരണം വരെ ഉപവാസമെന്ന തന്റെ പ്രഖ്യാപനം പുറത്തുവന്നതിന് ശേഷം സമരം പൊളിക്കാനുള്ള അടവ് മാത്രമാണ് ആശുപത്രി തുറക്കുമെന്ന പ്രഖ്യാപനം.

ഒരു ഡോക്ടറും 12 നഴ്സുമാരെയും വെച്ച് 50 രോഗികളെ അഡ്മിറ്റ് ചെയ്തു ആശുപത്രി തുടങ്ങുന്നുവെന്ന ഡി.എം.ഓ യുടെ പ്രസ്താവന തന്നെ ഗിമ്മിക്കിന് തെളിവാണ്. വെറും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രമായി മാറ്റാതെ ജനങ്ങൾക്ക് ആരോഗ്യസേവനം നൽകുന്ന സംവിധാനമായി ടാറ്റ ആശുപത്രിയെ മാറ്റണം. ഇതിനായി കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടുന്ന സംഘം ഇന്ന് കളക്ടറേയും ഡി.എം.ഒ വിനേയും കണ്ട് നിവേദനം നൽകും. തന്റെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, ബാലകൃഷ്ണൻ പെരിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.