ambadi

കാഞ്ഞങ്ങാട്: തെങ്ങിൻ ചുവട്ടിൽ ചിക്കി ചികഞ്ഞ് ചെറു പ്രാണികളെ തിന്നുന്ന ലൊട്ടു ലൊടുക്ക് കോഴിയൊന്നുമല്ല, മഞ്ചാടി ഇലയും, വാഴത്തടയും കിട്ടിയാൽ തിന്നും... അത്രതന്നെ. വെസ്റ്റ് എളേരി പുങ്ങംചാൽ കൊടിയൻ കുണ്ട് കോളനിയിലെ ഇടത്തിൽ വീട്ടിൽ അമ്പാടിയുടെ കോഴികളാണ് ഇത്തരം പരിഷ്കാരികൾ.

കോഴിത്തീറ്റയോ ഗോതമ്പോ അരിമണികളോ ഒന്നുമല്ല ഇവർക്ക് പഥ്യം. ഇതൊക്കെ തന്നെയാണ്. വാഴത്തട ചെറുകഷണങ്ങളാക്കി ഇട്ടുകൊടുത്താൽ കോഴികൾ അതൊക്കെയും അകത്താക്കും. ഹൈടെക് കോഴിക്കൂട് ഇല്ലാതെ വീട്ടുമുറ്റത്ത് വല കെട്ടി വളർത്തുന്ന കോഴികൾ നല്ല ആരോഗ്യത്തോടെ ഇപ്പോൾ മുട്ടയിടാനും തുടങ്ങി. പത്തു കോഴികൾ ഉണ്ട് അമ്പാടിക്ക്. ഒൻപതു പിടയും ഒരു പൂവനും. മകൾ ലക്ഷ്മിക്ക് ഗ്രാമസഭ വഴി ലഭിച്ചതാണ് കോഴിക്കുഞ്ഞുങ്ങളെ. ഇവയെ വളർത്തി വലുതാക്കിയതും തീറ്റയായി പച്ചിലകൾ നൽകി പഠിപ്പിച്ചതും അമ്പാടിയാണ്. മുട്ടക്കോഴികളാണ് ഇവ. കൊടിയൻ കുണ്ട് മലഞ്ചെരുവിലെ അഞ്ചു സെന്റ് ഭൂമിയിൽ മുട്ടക്കോഴികളെ വളർത്താൻ അമ്പാടിക്ക് ഹൈടെക് കോഴിക്കൂടോ മറ്റ് സംവിധാനങ്ങളോ ഇല്ല. ഇതിന് അമ്പാടി പഞ്ചായത്തിൽ നിന്നോ കൃഷി വകുപ്പിൽ നിന്നോ ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടില്ല. വീട്ടുമുറ്റത്ത് അതിമനോഹരമായ രീതിയിൽ ഒരുക്കിയ കോഴി വളർത്തൽ സ്ഥലത്ത് കോഴികൾക്ക് മുട്ടയിടാനും രാത്രിയിൽ കഴിയുവാനും അമ്പാടി തന്നെ ഒരുക്കിയ ഒരു ചെറിയ കൂടുമുണ്ട്. ഇപ്പോൾ അമ്പാടിയുടെ കോഴികൾ ഒൻപതും മുട്ടയിടുന്നു. വളരെയേറെ ജൈവ വൈവിദ്ധ്യവും കൽപ്പിക്കുന്ന അമ്പാടിയുടെ കോഴിയുടെ മുട്ടകൾക്കു നാട്ടിൽ വൻ ഡിമാന്റുമാണ്.

കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുത്തതും പച്ചില
കാഞ്ഞങ്ങാട്: പഞ്ചായത്തിൽ നിന്ന് ലഭിച്ച കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുത്തതും പച്ചിലയും മറ്റുമാണ്. കോഴികളെ തുറന്നു വിട്ടാൽ അയൽപക്കത്തേക്ക് പോവുകയും പിന്നീട് അത് ലഹളയ്ക്ക് വഴിവെക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വീട്ടിൽ വലയ്ക്കുള്ളിൽ അവയെ വളർത്തി. ഗോതമ്പു മണികൾ വിതറിക്കൊടുത്താൽ അത് അതേപടി കിടക്കും. അതേ സമയം ഇലകൾ മുറിച്ചിട്ടു കൊടുത്താൽ നിമിഷ നേരം കൊണ്ട് അവ കൊത്തി അകത്താക്കും-

ആർ.പി രഞ്ജിത്ത് കുമാർ (ബന്ധു)