മട്ടന്നൂർ: റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഉരുവച്ചാൽ -മണക്കായി -വളയാൽ, എടയന്നൂർ -കൊടോളിപ്രം -കിളിയങ്ങാട് റോഡ് 90 കോടി രൂപ ചെലവിൽ നവീകരിക്കും. 20 കിലോമീറ്റർ ദൈർഘ്യത്തിൽ മെക്കാഡം ടാറിംഗും ഇരുവശങ്ങളിലും ഓവുചാലും പ്രധാന കേന്ദ്രങ്ങളിലെല്ലാം ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിച്ചാണ് റോഡ് നവീകരണം. മന്ത്രി ഇ പി ജയരാജൻ സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് ഫണ്ട് അനുവദിച്ചത്. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാലിൽ നിന്ന് ആരംഭിച്ച് കീഴല്ലൂർ പഞ്ചായത്ത്, കൂടാളി പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രദേശങ്ങളിലൂടെ കടന്നുപോയി നഗരസഭയിലെ മരുതായിയിൽ അവസാനിക്കുന്ന രീതിയാണ് റോഡ്. ടെൻഡർ നടപടികൾ പൂർത്തിയായി. ഉടൻ പ്രവൃത്തി ആരംഭിക്കും.