photo

പഴയങ്ങാടി: പുതിയങ്ങാടിയിൽ അനുവദിച്ച ഫിഷ്ലാൻഡിംഗ് സെൻഡറിന്റെ നിർമ്മാണ പ്രവൃത്തി ഡിസംബറോടെ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പുതിയങ്ങാടിയിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടൽ മത്സ്യ ഹാച്ചറിയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

കല്ലുമ്മക്കായ, കടൽമത്സ്യ വിത്തുത്പാദനത്തിന് നേരിട്ടൊരു ഹാച്ചറി എന്ന ആശയമാണ് യാഥാർഥ്യമാകുന്നത്. കല്ലുമ്മക്കായ കൃഷി കൂടുതലുള്ള മലബാറിൽ ഹാച്ചറി ആരംഭിക്കുന്നത് വലിയ കുതിപ്പേകും. സി.എം.എഫ്.ആർ.ഐയുടെ സഹായത്തോടെ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് വിത്തുകൾ ഉത്പ്പാദിപ്പിക്കുക. പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യ കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തും ഇവിടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മത്സ്യ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയങ്ങാടിയിലെ കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം സ്ഥാപിക്കുന്നത്. നിർമ്മാണം തീരദേശ വികസന കോർപ്പറേഷൻ മുഖേന നിർവഹിക്കും. മോഡുലാർ ഹാച്ചറി സൗകര്യങ്ങളും ലൈവ് ഫീഡ് പ്രൊഡക്ഷൻ യൂണിറ്റ്, ആൽഗൽ കൾച്ചർ യൂണിറ്റ്, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ലാർവൽ റയറിംഗ് ടാങ്കുകൾ, ലബോറട്ടറി സംവിധാനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തുമാസത്തിനകം യാഥാർഥ്യമാകും.

5 കോടി രൂപ ചെലവിലാണ് നിർമ്മാണം. 1208.6 ചതുരശ്ര മീറ്ററിൽ ഹാച്ചറി കെട്ടിടം, 133 മീറ്റർ നീളത്തിൽ ഡ്രെയിനേജ് സംവിധാനം , 30 ടൺ കപ്പാസിറ്റിയുള്ള എഫ്.ആർ.പി ടാങ്ക്, മത്സ്യ വിത്തുത്പാദന കേന്ദ്രം, ബ്ലോവറുകൾ, ഓസണേറ്റർ, റാപ്പിഡ് സാൻഡ് ഫിൽട്ടറുകൾ, സ്ലോ സാൻഡ് ഫിൽട്ടറുകൾ, ആധുനിക പ്ലംബിംഗ് സംവിധാനം, വൈദ്യുതീകരണ പ്രവൃത്തികൾ എന്നിവയാണ് കെട്ടിടത്തിൽ ഒരുക്കുക. ടി.വി. രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹാച്ചറിയുടെ ശിലാസ്ഥാപനം എം.എൽ.എ നിർവഹിച്ചു. എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സുഹറാബി, സി.എം.എഫ്.ആർ.ഐ ഡയറക്ടർ എ. ഗോപാലകൃഷ്ണൻ, ഫിഷറീസ് ഡയറക്ടർ സി.എ. ലത, അഡാക്ക് എക്സിക്യുട്ടീവ് ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.സി.എ. ഡി.സി. ചീഫ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു.