ചെറുവത്തൂർ: പേനത്തുമ്പു കൊണ്ട് മനോഹര ചിത്രം തീർക്കുന്ന യുവ കലാകാരൻ ഗിന്നസ് റിക്കാർഡിന് മുന്നിൽ. സാധാരണ പേന കൊണ്ട് ജീവൻ തുടിക്കുന്ന മുഖചിത്രങ്ങൾ വരയ്ക്കാൻ പിലിക്കോട് തോട്ടം ഗെയ്റ്റ് പരിസരത്തെ ഷാജുഗോപാലിന് കുറച്ചുനേരം മതി.
നീല മഷിപേന മാത്രം ഉപയോഗിച്ച് ഗാന്ധിജി, രവീന്ദ്രനാഥ് ടാഗോർ, വിവേകാനന്ദൻ, ഇന്ദിരാ ഗാന്ധി, നെഹ്‌റു, ഒ.എൻ.വി.,അക്കിത്തം, തകഴി, നായനാർ, സി.എച്ച്.മുഹമ്മദ് കോയ, ഇ.എം.എസ്, കെ. കരുണാകരൻ, എം.ടി തുടങ്ങി അഞ്ഞൂറോളം പ്രഗത്ഭരുടെ ചിത്രങ്ങൾ ഇതിനകം പൂർത്തിയാക്കി. 2017 മുതലാണ് ആയിരം വ്യക്തിത്വങ്ങളെ ബാൾ പേന ഉപയോഗിച്ച് വരയ്ക്കുക എന്ന ദൗത്യം തുടങ്ങിയത്. ഗിന്നസ് ബുക്ക് ജൂറി അംഗം സുനിൽ ജോസഫിന്റെ നിർദ്ദേശ പ്രകാരമാണ് ഏറെ നാളത്തെ കഠിനാധ്വാനം വേണ്ടുന്ന മാജിക് ബ്ലൂ സ്ട്രോക്സ് എന്ന കലാരൂപത്തിന് തുടക്കമിട്ടത്.
പ്രവാസ ജീവിതം നയിക്കുന്നതിനിടയിൽ സൗദിയിലെ ജിസാനിൽ റാഡിസൺ ബ്ളു എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ പാസ്ട്രി ഷെഫ് ഹെഡ് ആയി ജോലി ചെയ്തിരുന്നന ഷാജു കൊവിഡിനെ തുടർന്നാണ് നാട്ടിലെത്തിയത്. തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലെ പഠന ശേഷമാണ് ഈ യുവാവ് സൗദിയിലെത്തിയത്. അവിടെ നിന്നും തുടക്കമിട്ട 1000 ചിത്രങ്ങൾ എന്ന സ്വപ്നം വീട്ടിലിരുന്ന് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഷാജു ഇപ്പോൾ.
പേനയും മനസ്സും സമന്വയിപ്പിച്ച് തനിക്ക് സമീപ ഭാവിയിൽ തന്നെ ഗിന്നസ് ബുക്കിൽ ഇടം തേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഷാജു. ഭാര്യ ബിന്ദുവും മകൻ ജോഷും പിന്തുണയുമായി ഒപ്പമുണ്ട്.