
കണ്ണൂർ :തുച്ഛമായ വേതനം പോലും യഥാസമയം ലഭിക്കാതെ പട്ടിണിക്ക് സമാന ജീവിതം നയിച്ച് മലബാർ ദേവസ്വം ബോർഡിന് കീഴിലെ സി,ഡി ഗ്രേഡ് ജീവനക്കാർ. ചില ബി.ഗ്രേഡ് ജീവനക്കാരുടെ നിലയും ഇവരിൽ നിന്ന് ഏറെ വ്യത്യസ്തമല്ല.
അവധിയോ പ്രഖ്യാപിതമായ മറ്റാനുകൂല്യങ്ങളോ കിട്ടാതെ വ്യത്യസ്ത നീതിയും നിയമവുമാണ് ഇവർക്ക്.
പക്ഷഭേദം പാടില്ലെന്ന് കോടതി തന്നെ സ്വമേധയാ കേസെടുത്ത് വിധി പറഞ്ഞതാണ്. ഒട്ടേറെ കമ്മിഷൻ റിപ്പോർട്ടുകളും ഇവർക്ക് അനുകൂലമായി സർക്കാറിന് ലഭിച്ചു.ചർച്ചകളും വാഗ്ദാനങ്ങളും പ്രസ്താവനകളും ധാരാളമുണ്ടായി. കോ ഓർഡിനേഷൻ കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ കേസിലും സർക്കാരിനോട് സമഗ്ര നിയമപരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കാൻ ആവശ്യപ്പെട്ടതാണ്.
അനുഭവിച്ചുവരുന്ന തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാറും ദേവസ്വം ബോർഡും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം തുടങ്ങാൻ കേരളാ സ്റ്റേറ്റ് ടെംപിൾ എംപ്ലോയീസ് കോർഡിനേഷന്റേയും കേരളാ ശാന്തി ക്ഷേമ യൂണിയന്റേയും സംയുക്ത യോഗം തീരുമാനിച്ചു. കേരളപ്പിറവി ദിനത്തിലാണ് ഈ ജീവനക്കാർ സമരത്തിന് ഇറങ്ങുന്നത്.
"തുലാം മാസത്തിൽ തുല്യത"
മലബാർ പ്രദേശത്തെ ക്ഷേത്രങ്ങൾക്ക് മാത്രമായി ഇന്നും തുടരുന്ന പഴയകാല മദിരാശി ഹിന്ദു മത ധർമ്മ സ്ഥാപന നിയമത്തിലെ ഇരട്ടത്താപ്പ് ജനങ്ങളെ അറിയിക്കുന്നതിനായി "തുലാം മാസത്തിൽ തുല്യത"എന്ന ആവശ്യവുമായാണ് നവംബർ ഒന്നിന് തുല്യാവകാശദിനമായി ആചരിക്കുന്നത്. നവം എട്ടു മുതൽ രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണി വരെ മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനിശ്ചിതകാല സത്യാഗ്രഹ സമരവും ജീവനക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.