പാനൂർ: ഓരോ ജില്ലയിലും ഓരോ സാംസ്കാരിക നായകന്മാരുടെ പേരിൽ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പണിയുന്ന സ്മാരകം കണ്ണൂർ ജില്ലയിൽ നവോത്ഥാനാചാര്യൻ വാഗ്ഭടാനന്ദന്റെ ജന്മനാടായ പാട്യത്ത് നിർമ്മിക്കുന്നതിനുള്ള ഭൂമി എറ്റെടുക്കൽ നടപടി പൂർത്തിയായി. കൊട്ടയോടിയിലെ മിനി സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം ഉൾപ്പെടെ മൂന്ന് ഏക്കർ 26 സെന്റോളം വരുന്ന സ്ഥലമാണ് ഏറ്റെെടുത്തത്.

സ്ഥലമേറ്റെടുക്കുന്നതിനും കെട്ടിട നിർമ്മാണത്തിനും 40 കോടി രൂപ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. ഈ മാസം ഭൂഉടമസ്ഥർക്ക് പണം നല്കാനുള്ള ധാരണയായി. പരമ്പരാഗത കലാ ഗവേഷണ കേന്ദ്രം, മ്യൂസിയം, ഗ്രന്ഥാലയം, കലാ പരിശീലന കേന്ദ്രം, ഇൻഡോർ സ്റ്റേഡിയം, മുതലായവ ഉൾക്കൊള്ളുന്നതാണ് വാഗ്ഭടാനന്ദ സാംസ്കാരിക സമുച്ചയം. കെട്ടിടം ജില്ലാ ആസ്ഥാനത്ത് നിർമ്മിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നെങ്കിലും വാഗ്ഭടാനന്ദന്റെ ജന്മനാടായ പാട്യത്താണ് ഉചിതമായ സ്മാരകം പണിയേണ്ടതെന്ന തീരുമാനമാണ് സ്വീകാര്യമായത്.

വാഗ്ഭഭടാനന്ദ ഗുരുദേവരുടെ കേരള ആത്മവിദ്യാസംഘത്തിന് കേരളത്തിലുടനീളം അറുപതോളം ശാഖകൾ നിലവിലുണ്ട്. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് നിലവിൽ ആത്മവിദ്യാ സംഘത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. നിരവധി ആത്മ വിദ്യാമന്ദിരങ്ങളും സംഘടനയുടെ പേരിലുണ്ട്. കാരക്കാട് ആത്മവിദ്യാമന്ദിരം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. അവിടെ പ്രവർത്തിച്ചു വരുന്ന വീട്ടിൽ പകൽ സമയം വയോജനങ്ങളെ പരിപാലിക്കുന്നു. ആവശ്യമായ മരുന്നും അവർക്ക് നല്കികി വരുന്നു. വാഗ്ഭടാനന്ദന്റെ ജന്മനാട്ടിൽ ഗുരുദേവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ പത്തായക്കുന്നിൽ ഗുരുദേവ നാമധേയത്തിൽ ഗ്രന്ഥാലയവും വായനശാലയും പ്രവർത്തിച്ചു വന്നിരുന്നു.15000 ത്തോളം ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന വാഗ്ഭടാനന്ദ ഗുരുദേവ വിലാസം വായനശാല പാട്യത്തിന്റെ പ്രകാശഗോപുരമായി ഇന്നും നിലനില്ക്കുന്നു.