
ചെറുപുഴ: കർഷകർക്ക് പ്രതീക്ഷയേകി അടക്കയുടെ വില ഉയരുന്നു. 400 രൂപയാണ് ഒരു കിലോ കൊട്ടടയ്ക്കക്ക് ഇപ്പോഴത്തെ വില. ഈ വർഷം സീസൺ ആരംഭിച്ചതു മുതൽ വില ക്രമേണ ഉയരുകയായിരുന്നു. 230 ൽ നിന്നാണ് 400 രൂപയിലേക്ക് വില കയറിയത്. സർവ്വ മേഖലയിലും തിരിച്ചടി നേരിട്ട കർഷകർക്ക് അടയ്ക്ക ആശ്വാസമേകുകയാണ്.
മടിച്ച് മടിച്ച് കർഷകർ
ദുരനുഭവങ്ങൾ പാഠമായി ഉള്ളതിനാൽ പലരും കവുങ്ങിനെ അത്രയങ്ങ് വിശ്വസിക്കുന്നില്ല. വില കുറഞ്ഞ കാലത്ത് കവുങ്ങ് വെട്ടി മാറ്റിയാണ് റബ്ബർ, തെങ്ങ്, കുരുമുളക് എന്നിവ നട്ടത്. ഇന്നത്തെ വില സ്ഥിരമായി നിൽക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നാണ് കർഷകർ പറയുന്നത്.
രോഗങ്ങൾ പിടിമുറുക്കുന്നു
കവുങ്ങുകളുടെ രോഗ കീട ബാധയും പ്രശ്നമാണ്. മലയോരത്ത് ആയിരക്കണക്കിന് കവുങ്ങുകൾ കൂമ്പു കുറുകൽ രോഗം വന്ന് നശിച്ചു. തിരുമേനിയിലെ പരമ്പരാഗത കമുക് കർഷകനായ ഇല്ലത്തു പറമ്പിൽ ജോയിയുടേത് മാത്രം 1000 കവുങ്ങുകൾ നശിച്ചു. റബർ, തെങ്ങ്, വാഴ എന്നിവ പരീക്ഷിക്കുകയാണ് ഈ കർഷകൻ. കാസർകോടൻ, നാടൻ, ഇന്റർ മംഗള എന്നിവയും ഉണ്ട്. കവുങ്ങിൻ തോട്ടങ്ങൾ അപ്പാടെ നശിപ്പിക്കുന്ന മറ്റൊരു രോഗമാണ് മഞ്ഞളിപ്പ്. തോട്ടം വെട്ടിമാറ്റി വീണ്ടും കവുങ്ങ് നട്ടാൽ പിടിക്കുകയില്ലെന്നാണ് കർഷകനും കാർഷിക നഴ്സറി ഉടമയുമായ ടോം കാവാലം പറയുന്നത്. 25 വർഷമെങ്കിലും കഴിയണം പിന്നീട് അവിടെ കമുക് ഫലപ്രദമായി വളരണമെങ്കിൽ. അടയ്ക്കാ കുല വരുന്ന സമയത്തു തന്നെ ബാധിക്കുന്ന രോഗമാണ് മഹാളി. മെയ് ആദ്യം തന്നെ ആദ്യം ബോർഡോ മിശ്രിതം തളിക്കണം. പിന്നീട് 30 ദിവസങ്ങൾ കൂടുമ്പോൾ മരുന്നടി തുടരണം.
വർദ്ധിച്ച കൂലി നിരക്ക്
അടയ്ക്ക പറിക്കുന്നതിന് ഒരു കുലയ്ക്ക് എട്ട് രൂപയാണ് കൂലി. തുരിശടിക്കുന്നതിന് ഒരു കൂട്ടിന് (80 ലിറ്റർ) 800 രൂപയാണ് കൂലി. സഹായികളായി മൂന്നു പേർ വേറെയും വേണം. അടയ്ക്ക പെറുക്കുന്നതും ഉണക്കുന്നതും കേടു വരാതെ സൂക്ഷിക്കുന്നതിനുമൊക്കെ നല്ലൊരു തുക വേറെയും ചെലവാകും. ഒരു കിലോ അടയ്ക്ക് പൊളിക്കുന്നതിന് 16 രൂപ മുതൽ 18 രൂപ വരെ കൂലിയുണ്ട്. മോശം അടയ്ക്കയാണെങ്കിൽ കൂലി വീണ്ടും കൂടും.
കർഷകരുടെ എണ്ണം കൂടി.
വില വർദ്ധിച്ച സാഹചര്യത്തിൽ കർഷകർ കൂടിയിട്ടുണ്ട്. കാർഷിക നഴ്സറികളിലും കവുങ്ങിൻ തൈകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വിത്തടയ്ക്കകൾ കൊണ്ടുവന്ന് പാകി മുളപ്പിച്ചും കർഷകർ കൃഷി ചെയ്തിട്ടുണ്ട്. നാടൻ കമുകിനും ആവശ്യക്കാർ ഏറെയായിരുന്നു. കാസർകോടൻ, മംഗള, മൊഹിത് നഗർ, രത്നഗിരി, സ്വർണ്ണ മംഗള, ഇന്റർ മംഗള എന്നിവയാണ് കർഷകർ കൃഷിചെയ്യുന്ന ഇനങ്ങൾ. നനയ്ക്കുന്നതിനുള്ള സൗകര്യമുള്ള സ്ഥലങ്ങൾ, വെള്ളത്തിന് സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങൾ എന്നിങ്ങനെയുള്ള പ്രത്യേകതൾ അനുസരിച്ചാണ് കർഷകർ തൈകൾ തിരഞ്ഞെടുക്കുന്നത്. ശരാശരി 25 രൂപയാണ് കമുകിൻ തൈകൾക്ക് വില. വിത്തടയ്ക്കയ്ക്ക് ഒന്നിന് ആറ് രൂപയാണ് വില. പാകൽ, കുഴിയെടുക്കൽ, അടിസ്ഥാന വളം, നടൽ, നാലു മുതൽ അഞ്ച് വർഷം വരെ പരിപാലനം എന്നിവയ്ക്കെല്ലാമായി നല്ലൊരു തുക ആദ്യം ചെലവാകും. അഞ്ചാം വർഷം മുതലാണ് വരുമാനം ലഭിക്കുക. വില സ്ഥിരതയുണ്ടായാൽ ഒരു കിലോ അടക്കയ്ക്ക് 250 രൂപ ലഭിച്ചാൽ പിടിച്ചു നിൽക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. ഇപ്പോഴത്തെ 400 രൂപ നല്ല വില തന്നെയെന്ന് കർഷകർ തുറന്നു പറയുന്നു. അടയ്ക്ക ഇറക്കുമതി ഇല്ലാത്തതും, രോഗബാധ മൂലം ഏക്കറുകണക്കിന് തോട്ടങ്ങൾ നശിച്ചതിനാൽ ഉല്പാദനം കുറഞ്ഞതും വില ഉയരുന്നതിന് കാരണമായെന്നാണ് വിലയിരുത്തൽ.
രോഗങ്ങളും കീടങ്ങളും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളും വലിയ തോതിലാണ് കൃഷിയെ നശിപ്പിക്കുന്നത്. ഇപ്പോഴത്തെ വില കർഷകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്നതാണ്. വില സ്ഥിരത നിലനിർത്താൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്
ഇല്ലത്തുപറമ്പിൽ ജോയി (കർഷകൻ)