പിലിക്കോട്: പിലിക്കോട് ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പുരാതനമായ കുളം നാടിന് സമർപ്പിച്ചു. 2019 -20 ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തിയാണ് ജലം ജീവജലം പ്രൊജക്ടിൽ കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. 50 ൽ പരം സെന്റ് സ്ഥലത്ത് പരന്നു കിടക്കുന്ന ഈ കുളം പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായുള്ളതാണ്.

ജില്ലാതലത്തിലുള്ള നിരവധി നീന്തൽ മത്സരങ്ങൾക്ക് വേദിയായ കുളമാണിത്. കൂടാതെ പ്രദേശവാസികളായ ആയിരങ്ങളുടെ നീന്തൽ പരിശീലന ജലാശയം കൂടിയാണ് പുതിയ കുളം. കുളിക്കടവ്, ചുറ്റുമതിൽ, വൈദ്യുതി വെളിച്ചം, ജല സംരക്ഷണ സന്ദേശങ്ങൾ എന്നിവ കൊണ്ട് ആകർഷകമാക്കിയ കുളം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ ഹ്രസ്വമായ ചടങ്ങിൽ വെച്ച് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.വി.ഗോവിന്ദൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശൈലജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം ടി.പി രാഘവൻ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസി.എൻജിനിയർ രമേശൻ കുറുവാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ടാം വാർഡ് മെമ്പർ ടി. ഓമന സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ. രമേശൻ നന്ദിയും പറഞ്ഞു.