
നിർമ്മാണം ഖേലോ ഇന്ത്യ വഴി
ചിലവ് 7 കോടി
സിന്തറ്റിക് ട്രാക്ക് 8 ലൈൻ
വിസ്തൃതി 10 ഏക്കർ
കണ്ണൂർ : പരിയാരം സർക്കാർ മെഡിക്കൽ കൊളേജിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് വരുന്നു. ഖേലോ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയമാണ് ഇതിന് ഭരണാനുമതി നൽകിയത്. കണ്ണൂരിന് പുറമെ തൃശൂരാണ് മറ്റൊരു സിന്തറ്റിക് ട്രാക്കിന് അനുമതി നൽകിയിട്ടുള്ളത്.
ഏഴ് കോടി രൂപ വീതമാണ് ഇതിനായി കേന്ദ്ര സർക്കാർ അനുവദിച്ചിരുക്കുന്നത്. അനുമതി ലഭിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകും. ഒരു സിന്തറ്റിക് ട്രാക്ക് പോലും ഇല്ലാതിരുന്ന കണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ വരുന്ന നാലാമത്തെ സിന്തറ്റിക് ട്രാക്കാണ് പരിയാരത്തേത്.
പത്ത് ഏക്കറിൽ
മെഡിക്കൽ കോളേജിന് സ്വന്തമായുള്ള 10 ഏക്കർ സ്ഥലത്ത് എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്കിനൊപ്പം, ജംപിംഗ് പിറ്റ്, ഡ്രയിനേജ് സൗകര്യത്തോടെയുള്ള ഫുട്‌ബോൾ മൈതാനം എന്നിവയും നിർമ്മിക്കും. ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയിൻ, ഡ്രസ്സിംഗ് റൂമുകൾ, ബാത്ത്റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും.