പയ്യന്നൂർ: കൊറ്റി റെയിൽവേ മേൽപ്പാലം പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞവർ സി.സി ടി.വി കാമറയിൽ കുടുങ്ങി. ഇവിടെ മാലിന്യ നിക്ഷേപം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും പരാതി പരിഗണിച്ചാണ് നഗരസഭ നാല് കാമറകൾ സ്ഥാപിച്ചത്. പല സ്ഥലങ്ങളിൽ നിന്ന് വാഹനത്തിലും മറ്റും കൊണ്ടിടുന്ന മാലിന്യങ്ങൾ

മല പോലെ കുന്നുകൂടി ചീഞ്ഞ് നാറിയത് മുഴുവൻ നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയതിന് ശേഷമാണ് മുൻ കരുതലായി കാമറ സ്ഥാപിച്ചത്. നഗരസഭ ഓഫീസിലെ കമ്പ്യൂട്ടറിലും , ചെയർമാൻ, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ മൊബൈലിലും തൽസമയം ദൃശ്യം ലഭിക്കും വിധമാണ് കാമറയുടെ പ്രവർത്തനം സജ്ജീകരിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മാലിന്യം വലിച്ചെറിയാൻ എത്തിയവരാണ് കാമറയിൽ കുടുങ്ങിയത്. ഇന്നലെ ഓഫീസ് അവധിയായതിനാൽ ഇന്ന് ഇവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കും.