കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി. ഒരു കോടി 15 ലക്ഷം രൂപ ചെലവിൽ കോയിലോട് ആണ് ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. പൊതുശ്മശാനമില്ലാതിനെ തുടർന്ന് മറ്റ് പഞ്ചായത്തുകളെയാണ് മാങ്ങാട്ടിടം പഞ്ചായത്തിലുള്ളവർ ആശ്രയിച്ചിരുന്നത്.
കെട്ടിട നിർമ്മാണത്തിനുള്ള 45 ലക്ഷം രൂപ ഉൾപ്പെടെ ഒരു കോടി 15 ലക്ഷം രൂപ ചെലവിലാണ് പണി പൂർത്തീകരിച്ചത്. ഫർണ്ണർ ഉൾപ്പെടെ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. 30 മീറ്റർ ഉയരത്തിലുള്ള കൂറ്റൻപുക കുഴലാണ് ഒരുക്കിയിട്ടുള്ളത്. ഫർണ്ണസിൽ നിന്നും പുറത്ത് വരുന്ന പുക വെള്ളത്തിലൂടെ ഫിൽറ്റർ ചെയ്താണ് കുഴലിലേക്ക് കടത്തിവിടുന്നത്. അത് കൊണ്ട് തന്നെ അന്തരീക്ഷ മലിനീകരണം ഉണ്ടാവാത്ത തരത്തിലാണ് നിർമ്മാണം.
ഇതിനാവശ്യമായ കിണർ, പമ്പ് സെറ്റ്, ജനറേറ്റർ, ശുചിമുറി എന്നിവയും സംസ്കാര ചടങ്ങിന് പങ്കെടുക്കുന്നവർക്ക് വിശ്രമിക്കാനും, അനുശോചന യോഗം ചേരാനുള്ള ഹാളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത പറഞ്ഞു. ടൈൽ, ഗ്രാനൈറ്റ് എന്നിവ പാകി മനോഹരമാക്കിയിട്ടുണ്ട്. അടുത്ത മാസത്തോടെ ശ്മശാനം ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.