കണ്ണൂർ: ഒടുവിൽ വളപട്ടണം ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് അൽപ്പം ആശ്വാസമായി. വളപട്ടണം സി.ഐ പി.ആർ. മനോജിന്റെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് സംഘം ഗതാഗതം നിയന്ത്രിക്കാൻ റോഡിൽ ഇറങ്ങിയതോടെയാണ് കുരുക്കിന് നേരിയ ആശ്വാസമായത്.
കഴിഞ്ഞ ദിവസങ്ങളിൽ ഒരു മണിക്കൂറിലേറെ സമയം വാഹനങ്ങൾ കുരുക്കിൽ പെട്ടിരുന്നു. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പൊലീസ് ഉണർന്നത്. ഇതോടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പോകുന്ന ഡ്രൈവർമാർ അടങ്ങി. വാഹനങ്ങളും യാത്രക്കാരും കൂടുതലായുള്ള രാവിലെ എട്ടര മുതൽ 11 വരെയും വൈകുന്നേരം മൂന്ന് മുതൽ ആറ് വരെയുമുള്ള സമയങ്ങളിലാണ് വളപട്ടണം ദേശീയപാതയിലും ചുങ്കത്തും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നത്.
കെ.എസ്.ടി.പി റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറി വരുന്ന വാഹനങ്ങളും, തളിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളുമാണ് കുരുക്കിന് പ്രധാന കാരണമായിരുന്നത്. തളിപ്പറമ്പ് ഭാഗത്ത്നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ ലക്കും ലഗാനുമില്ലാതെ മറികടക്കുന്നതാണ് കുരുക്കിന് ഇടയാക്കുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. തിങ്കളാഴ്ച മുതൽ ട്രാഫിക് നിയമം ലംഘിക്കുന്നവരിൽനിന്ന് 5,000 രൂപവരെ പിഴ ഈടാക്കുമെന്ന് പൊലീസ് താക്കീത് ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിദ്ധ്യം ഉണ്ടാകും.
സി.ഐ പി.ആർ മനോജ്