river
വളപട്ടണം പുഴയോരത്ത് അടിഞ്ഞുകൂടിയ മാലിന്യം

പാപ്പിനിശേരി: കണ്ണൂർ ജില്ലയിലെ പുഴകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കാനും അവയുടെ അഴക് വീണ്ടെടുക്കാനും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അഴുക്കിൽ നിന്ന് അഴകിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്ന് വർഷം മൂന്നുകഴിഞ്ഞിട്ടും വളപട്ടണം പുഴയുടെ സ്ഥിതി ഒട്ടും മെച്ചമായില്ല.പുഴ മാലിന്യത്തിൽ മുങ്ങുന്ന കാഴ്ചയാണ് പ്രദേശവാസികൾ ഇന്നും പങ്കുവയ്ക്കുന്നത്.

ഹരിതകേരളം ഒന്നാം വാർഷിക ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ പുഴസംരക്ഷണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വളപട്ടണം പാലത്തിനു ചുവട്ടിൽ നടന്നത്. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് 2017 ഡിസംബറിൽ പുഴ സമ്മേളനം ഉദ്ഘാടനം ചെയ്തത്. വളപട്ടണം പുഴ അടക്കമുള്ള ജില്ലയിലെ പുഴകളെയും ജല സ്രോതസ്സുകളെയും മാലിന്യനിക്ഷേപകേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്നും ജനകീയമായി ചെറുക്കുമെന്നും പ്രഖ്യാപിച്ചായിരുന്നു പദ്ധതി .

എങ്ങോട്ടും ഒഴുകാതെ പദ്ധതികൾ

പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഞ്ച് പുഴകളിലൂടെ പുഴയാത്രകളും നദിക്കരകളിലൂടെ പുഴ നടത്തവും സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. പുഴകളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പുഴയിലെയും കരയിലെയും മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് പുഴയാത്രകൾ പ്രഖ്യാപിച്ചത്.പുഴകളും തീരങ്ങളും മാലിന്യമുക്തമാക്കുന്നതോടൊപ്പം അവയുടെ തുടർ സംരക്ഷണത്തിന് പ്രത്യേക സംഘടനാ സംവിധാനമുണ്ടാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഓർമ്മയിലുണ്ടോ പ്രഖ്യാപനങ്ങൾ

പുഴകളുടെ തീരങ്ങളിൽ മുളകൾ, ചണക്കൂവകൾ, കൈതച്ചെടികൾ തുടങ്ങിയവ വച്ചുപിടിപ്പിക്കും

കയർ ഭൂവസ്ത്രം ഉപയോഗിച്ച് തീരസംരക്ഷണം (തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് )​

പുഴയുടെ ഉറവിടങ്ങളെയും കൈവഴികളെയും കുറിച്ചുള്ള നീർത്തടഭൂപടങ്ങൾ

ഭൂപടങ്ങളുടെ അടിസ്ഥാനത്തിൽ പുഴ സംരക്ഷണവും പോഷണവും