കാസർകോട്: ജീവനക്കാരുടെ പ്രശ്നവും സ്ഥലവും ഒന്നും തടസമാകില്ല, അനുമതി നൽകിയാൽ മതി നമ്മൾ ആരംഭിച്ചോളാം എന്ന് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചപകേശൻ ആവശ്യം മുന്നോട്ടുവച്ചപ്പോൾ അനുമതി നല്കാൻ സർക്കാരിന് മുന്നിൽ മറ്റ് കടമ്പകളൊന്നും ഉണ്ടായിരുന്നില്ല. കാസർകോടിന് സ്വന്തമായി വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണൽ കോടതി ( എം.എ.സി.ടി ) അനുവദിച്ചു. കാൽ നൂറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് ഇതോടെ സഫലമായത്.
അതോടൊപ്പം പോക്സോ കേസുകൾ എളുപ്പം തീർക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയും ജില്ലക്ക് ലഭിച്ചു. എം.എ.സി.ടി കോടതി ഇല്ലാത്ത സംസ്ഥാനത്തെ ഏകജില്ല ആയിരുന്നു കാസർകോട്. അപകടം സംഭവിച്ചു ചുരുങ്ങിയത് ആറു മാസത്തിനുള്ളിലെങ്കിലും നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ അതിന്റെ പ്രയോജനം ലഭിക്കില്ലെന്നാണ് ജില്ലാ ജഡ്ജി പഞ്ചപകേശന്റെ അഭിപ്രായം. അതിനാൽ തന്നെ കോടതി അനുവദിച്ചു കിട്ടാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. നിലവിൽ കുറേകാലങ്ങളായി ജില്ലാ ജഡ്ജിയാണ് എം.എ.സി.ടി കേസുകൾ പരിഗണിക്കുന്നത്. മറ്റു ധാരാളം കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് വാഹനാപകട കേസുകളും വരുന്നതിനാൽ എല്ലാ കേസുകളും തീർപ്പാകുന്നതിന് കാലതാമസം ഉണ്ടാകുന്നു.
2000 അപകട കേസുകൾ ഇപ്പോൾ തീർപ്പാക്കാൻ ബാക്കി കിടക്കുകയാണ്. കാസർകോട് ബാർ അസോസിയേഷൻ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തത് തീർപ്പാക്കി കൊണ്ട് ഹൈക്കോടതി എം.എ.സി.ടി കോടതി കാസർകോട് സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. നിലവിലുള്ള ഏഴ് ജീവനക്കാരെ എം.എ.സി.ടി യിലേക്ക് മാറ്റി കോടതി ആരംഭിക്കാനാണ് ധാരണ. അഡീഷണൽ ജില്ലാ കോടതി ( ഒന്ന് ) ജഡ്ജ് ആർ.എൽ ബൈജു എം.എ.സി.ടിയിലും ഹൊസ്ദുർഗ് പോക്സോ കോടതിയിൽ അഡീഷണൽ (രണ്ട് ) ജില്ലാ കോടതി ജഡ്ജ് രാജൻ തട്ടിലും സ്ഥിരം ജഡ്ജിമാരുടെ നിയമനം നടക്കുന്നത് വരെ ആഴ്ചയിൽ രണ്ടുദിവസം സേവനം അനുഷ്ഠിക്കും.
പുതിയ കോടതികൾ അനുവദിക്കുന്ന കാര്യത്തിൽ കാസർകോടിന് നല്ല പരിഗണ കിട്ടി. മനോഹരമായ കോടതി കോംപ്ലക്സുള്ളത് ഇവിടെയാണ്. ജീവനക്കാരുടെ പുനർവിന്യാസം നടത്തി കോടതികൾ ആരംഭിക്കുകയാണ്.
എസ് എച്ച് പഞ്ചപകേശൻ
(കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി )