കാസർകോട്: സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കളനാട് സ്വദേശിയായ യുവാവിനെ രണ്ട് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി. കളനാട് കട്ടക്കാലിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷംനാസിനെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി കുമ്പള ഷിറിയക്കടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിൽ തടങ്കലിൽ വയ്ക്കുകയായിരുന്നു. ഷംനാസിന്റെ ഭാര്യ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.
കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഷംനാസിനെ കുമ്പളയിലേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമായി. തുടർന്ന് ഡിവൈ.എസ്.പി, കുമ്പള സി.ഐ പ്രമോദ്, ആദൂർ സി.ഐ വിശ്വംഭരൻ, മേൽപ്പറമ്പ് എസ്.ഐ പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഷിറിയക്കടുത്തുള്ള രഹസ്യകേന്ദ്രം രാത്രിയോടെ കണ്ടെത്തുകയും ഷംനാസിനെ മോചിപ്പിക്കുകയും ചെയ്തു.
പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായ സംഘം കാറുകളിൽ രക്ഷപ്പെടുകയായിരുന്നു. ഷംനാസിന്റെ മൊഴിപ്രകാരം ഉസ്മാൻ, കുഞ്ഞാമു, തൗഫീഖ് എന്നിവർക്കും കണ്ടാലറിയാവുന്ന ആറുപേർക്കുമെതിരെ കേസെടുത്തു. ഉപ്പള ഭാഗത്തുള്ള ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഉസ്മാനാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് അ ന്വേഷണത്തിൽ വ്യക്തമായി. സ്വർണ്ണം ഇടപാട് സംബന്ധിച്ച പ്രശ്നമാണ് പിന്നിലെന്നും പൊലീസ് വ്യക്തമാക്കുന്നു.