തൃക്കരിപ്പൂർ: പഞ്ചായത്തിലെ നടക്കാവ് ആഴ്ച ചന്തയ്ക്കു വേണ്ടി നിർമ്മിക്കുന്ന വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 3, 90, 500 രൂപ എസ്റ്റിമേറ്റിലാണ് ഇപ്പോൾ ആഴ്ച ചന്ത നടത്തിവരുന്ന സ്ഥലത്ത് വിപണന കേന്ദ്രം നിർമ്മിക്കുന്നത്.
വില്പന നടത്തുന്നവർക്കും ഉപഭോക്താക്കൾക്കും മഴയും വെയിലും കൊള്ളാതെ സുഗമമായി ഇടപാടുകൾ നടത്തുന്നതിനും , കച്ചവട വിപുലീകരണത്തിനും , അതുവഴി നാട്ടു നന്മയുടെ വീണ്ടെടുക്കലും സാധ്യമാവും. വർഷങ്ങൾക്കു മുമ്പെ നടക്കാവിൽ ഉണ്ടായിരുന്ന ബുധനാഴ്ച ചന്ത കാലക്രമേണ നിലച്ചു പോയിരുന്നു. 2007-18 വർഷത്തെ ബഡ്ജറ്റ് അവതരണ വേളയിൽ നടക്കാവ് ആഴ്ചച്ചന്ത പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന ആഴ്ച ചന്തയിലെ പഴയകാല വ്യാപാരികളിൽ പലരും പങ്കെടുത്ത ചടങ്ങിൽ, സജീവ സാന്നിദ്ധ്യവും പയ്യന്നൂരിലെ പ്രമുഖ വസ്ത്ര വ്യാപാരിയുമായ കെ.വി. ദാമോദരൻ പുനരുജ്ജീവിക്കപ്പെട്ട ആഴ്ച ചന്തയിൽ 2018 മാർച്ച് 28ന് ആദ്യവില്പന നടത്തുകയും, പ്രസിഡന്റ് വി.പി. ഫൗസിയ ഔപചാരികമായി ചന്ത ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. ഇന്നലെ നടന്ന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ എ.ജി. സറീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. രവി, സെക്രട്ടറി പി.പി.ഉഷ, അസി: സെക്രട്ടറി കെ.വി. കോമളവല്ലി, ഓവർസിയർ മുഹമ്മദ് ബദറുദ്ദീൻ, പുനരുജ്ജീവന കമ്മിറ്റി കൺവീനർ ഇ.വി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത്മെമ്പർ പി. കുഞ്ഞമ്പു സ്വാഗതവും അക്രെഡിറ്റഡ് എൻജിനിയർ സൻബക് ഹസീന നന്ദിയും പറഞ്ഞു.