കാസർകോട്: വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വ്യാപാരികൾ പ്രക്ഷോഭത്തിനിറങ്ങുന്നു. നവംബർ മൂന്നിന് സൂചന പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയിൽ തകർന്നു കൊണ്ടിരിക്കുന്ന മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നത്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ പത്ത് മുതൽ 12 വരെയാണ് ധർണ. കളക്ടറേറ്റ് പരിസരത്ത് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ്, ട്രഷറർ മാഹിൻ കോളിക്കര, വൈസ് പ്രസിഡന്റ് ബി.വിക്രം പൈ, എ.കെ. മൊയ്തീൻ കുഞ്ഞി എന്നിവർ സംബന്ധിച്ചു.