കാഞ്ഞങ്ങാട് :പൊലീസ് ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ പേടിച്ച് നാടുവിട്ട യുവാവിനെ പത്തുവർഷത്തിന് ശേഷം കണ്ടെത്തി തിരികെയെത്തിച്ച് പൊലീസ് .വെള്ളരിക്കുണ്ട് പുങ്ങംചാലിലെ പരേതനായ വെള്ളാപ്പള്ളിൽ വി. വി. വർഗീസിന്റെ മകൻ ജോസ് വർഗീസിനെയാണ് (38)പത്തു വർഷത്തിന് ശേഷം കോഴിക്കോട് പുതിയാപ്പ ഹാർബറിലെ ഹോട്ടലിൽ വച്ച് ചിറ്റാരിക്കാൽ പൊലീസ് കണ്ടെത്തി നാട്ടിലെത്തിച്ചത്.
ഇന്നലെ രാവിലെ വെള്ളരിക്കുണ്ട് പോലിസ് സ്റ്റേഷനിൽ എത്തിച്ച ജോസ് വർഗീസിനെ പൊലീസ് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോടതി ഇദ്ദേഹത്തെ ബന്ധുക്കൾക്കൊപ്പം വിട്ടു. കേരള പൊലീസിൽ ജോലി ലഭിച്ച ജോസ് വർഗീസ് കടുത്ത പരിശീലനത്തെ ഭയന്ന് നാടുവിടുകയായിരുന്നുവെന്ന് വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേംസദൻ പറഞ്ഞു.
2011 ജൂൺ 5മുതൽ സഹോദരനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ ജോർജ് വർഗീസ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു.. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ അനുജനെ കുറിച്ച് യാതൊരു വിവരവും കിട്ടുന്നില്ലെന്ന് കാണിച്ചായിരുന്നു പരാതി. 2016ലും ജോർജ് വർഗീസ് വെള്ളരിക്കുണ്ട് പോലീസിനെ സമീപിച്ചു.തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വർഷം നാലോളം കഴിയുമ്പോഴും പൊലീസ് അന്വേഷണം ഉപേക്ഷിച്ചിരുന്നില്ല..പുതിയാപ്പ ഹാർബറിൽ ഒരു ഹോട്ടലിൽ ഈയാൾ ജോലി ചെയ്യുന്നുവെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എ. എസ്. ഐ. ജോമി ജോസഫ് വ്യഴാഴ്ച കോഴിക്കോട് എത്തി ജോസ് വർഗീസിനെ കസ്റ്റഡിയിലെടുത്ത് വെള്ളരിക്കുണ്ടിൽ എത്തിക്കുകയായിരുന്നു.
അലുമിനിയം ഫാബ്രിക്കേഷൻ,ഹോട്ടൽ ജോലി....
2010ൽ കേരള പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോസ് വർഗീസ് കണ്ണൂർ മങ്ങാട്ട് പറമ്പിലെ പോലീസ് ട്രൈയിനിംഗ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ വച്ച് ഒരാഴ്ചത്തെ അവധി എടുത്ത് മുങ്ങി. 2011ജൂൺ അഞ്ചിന് മുംബൈയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയെങ്കിലും ജോസ് എത്തിയത് ബാംഗ്‌ളൂരിലാണ്. അവിടെ മൂന്ന് വർഷത്തോളം അലുമിനിയം ഫ്രാബ്രിക്കേഷൻ ജോലി.അവിടെ നിന്നും മൈസൂരിലേക്ക് പോയി. അവിടെ രണ്ട് വർഷത്തോളം ഹോട്ടൽ ജോലി .തുടർന്നാണ് പുതിയാപ്പ ഹാർബറിൽ എത്തിയത്. നാടുവിട്ടു പോയശേഷം വീട്ടുകാരുമായോ നാട്ടുകാരുമായോ ജോസ് ബന്ധപെട്ടില്ല. ഫോൺ ഉപയോഗിക്കാറില്ല. ട്രൈനിംഗിന്റെ ബുദ്ധിമുട്ട് ഓർത്താണ് നാടുവിട്ടതെന്നും വീട്ടുകാർ നിർബന്ധിക്കുമെന്നതിനാലാണ് അവരെ ബന്ധപ്പെടാതിരുന്നതെന്നുമാണ് ജോസ് വർഗീസിന്റെ ഉത്തരം.