
കാഞ്ഞങ്ങാട്: ഇരു കണ്ണുകളിലേക്കും ഇരുട്ട് നിറഞ്ഞ് തുടങ്ങിയിട്ടും അധികൃതർ അംഗീകരിക്കാത്തതോടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് ദളിത് യുവതി. വെസ്റ്റ് എളേരിയിൽ കൊടിയൻകുണ്ട് കോളനിയിലെ പരേതനായ താഴത്തു വീട്ടിൽ നാരായണന്റെയും നാരായണിയുടെയും മകൾ ടി. ബീന(26)യാണ് വിധിയെയും ഉദ്യോഗസ്ഥരുടെ കണ്ണിൽ ചോരയില്ലാത്ത സമീപനത്തിലും കുടുങ്ങി കണ്ണീരൊഴുക്കുന്നത്.
ബീനയുടെ ഇടതുകണ്ണിന് 40 ശതമാനം കാഴ്ച ഉണ്ടെന്നും അതിനാൽ ആനുകൂല്യങ്ങൾക്ക് അർഹത ഇല്ലെന്നുമാണ് അധികൃതരുടെ കണ്ടുപിടുത്തം. ജന്മനാ വലതുകണ്ണ് ഇല്ലാതിരുന്ന ബീനയുടെ ഇടതു കണ്ണിന്റെ കാഴ്ചയും ഇപ്പോൾ മങ്ങി തുടങ്ങുകയാണ്. മാലോത്തു കസബ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും 2013 ൽ എസ്.എസ്.എൽ.സി. പരീഷയിൽ മിന്നും വിജയം നേടിയ ബീന പ്ലസ് ടുവിലും നേട്ടം ആവർത്തിച്ചു. പക്ഷെ, തുടർ പഠനത്തിന് ആനുകൂല്യങ്ങൾ തേടിയിറങ്ങിയ ബീനയെ സഹായിക്കാൻ ആരുമുണ്ടായില്ല.
ബീന ജനിക്കുന്നതിന് ഒരുമാസം മുൻപ് പിതാവ് നാരായണൻ മരിച്ചു. നാരായണൻ മരിച്ച വേദന മാറും മുൻപ് നാരായണിക്ക് പിറന്ന ഓമന മോൾക്ക് ഒരു കണ്ണുമില്ലാത്തത് ഇരട്ടവേദനയായി. മകളുടെ വൈകല്യം പരിഹരിക്കാൻ ഈ നിർദ്ധന മാതാവിന് കഴിഞ്ഞില്ല. നാരായണിക്ക് പ്രായമായി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുമായി. ഇതോടെ ബീനയുടെ ജീവിതം കഷ്ടത്തിലാണ്. അമ്മയുടെ പേരിലുള്ള അഞ്ചു സെന്റ് ഭൂമിയിൽ പഞ്ചായത്തിൽ നിന്നും ഇവർക്ക് വീട് ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല.വീട് വെക്കുന്ന സ്ഥലത്തേക്ക് കല്ലും മണലും സിമന്റും ഒക്കെ കടത്തുവാനും നല്ലൊരു തുക വേണ്ടി വന്നു. കാഴ്ച പ്രശ്നം അലട്ടുന്നതിനാൽ ബീനയ്ക്ക് കല്ല്യാണാലോചനയും വരുന്നില്ല.
കരുണയുള്ളവർ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകളും.
ഫോൺ: 9495448143