
കണ്ണൂർ: സമഗ്രതല സ്പർശിയായ മുന്നേറ്റം കാഴ്ചവെച്ചാണ് കണ്ണൂർ ജില്ലാപഞ്ചായത്ത് ഭരണസമിതി പടിയിറങ്ങുന്നത്. കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് എതിരാളികളും സമ്മതിക്കുന്നുണ്ട്. 2018-19വർഷത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ജില്ലാപഞ്ചായത്തിന്റെ അലമാരയിലുണ്ട്.
പുഴകളെ മാലിന്യമുക്തമാക്കാൻ ആവിഷ്കരിച്ച അഴുക്കിൽനിന്ന് അഴകിലേക്ക് എന്ന പദ്ധതി സംസ്ഥാനത്തു തന്നെ ശ്രദ്ധ നേടിയിരുന്നു. ലിഫ്റ്റ്, ബാരിയർ ഫ്രീ സംവിധാനങ്ങൾ ഒരുക്കി ഓഫീസ് വികലാംഗ സൗഹൃദമാക്കുന്നതിന് ജില്ലാ ഭരണകൂടവുമായി കൈകോർത്തതും ശ്രദ്ധേയമാണ്. പൊതുജനങ്ങളിൽ നിന്നും പദ്ധതി നിർദ്ദേശങ്ങൾ സ്വീകരിക്കാൻ 'എന്റെ പദ്ധതി മൊബൈൽ ആപ്‌ളിക്കേഷൻ ജില്ലാ പഞ്ചായത്തിന്റെ എണ്ണം പറഞ്ഞ പദ്ധതികളിലൊന്നാണ്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ മീറ്റിംഗ് ഹാൾ, കാർഷിക സ്വയം പര്യാപ്ത ഗ്രാമം തുടങ്ങി വേറിട്ട പദ്ധതികളാണ് ഭരണ സമിതി മുന്നോട്ടു വച്ചത്. 1,00,000 വാഴക്കന്ന്- ജൈവവളം വിതരണം, കൈപ്പാട് കൃഷി എന്നിവ ശ്രദ്ധയാകർഷിച്ച പദ്ധതികളാണ്. അഞ്ചു വർഷങ്ങളിലായി 160 ഹെക്ടർ തരിശുഭൂമിയിൽ നെല്ലും 35 ഹെക്ടർ പച്ചക്കറിയും കൃഷി ചെയ്യാൻ കഴിഞ്ഞു. വിത്ത് പത്തായം, കുളങ്ങളിൽ കരിമീൻ കൃഷി, റിസർവോയറുകളിൽ കൂടുകൃഷി എന്നിവയിലൂടെ നിരവധി ആളുകൾക്ക് സ്വയംതൊഴിൽ പര്യാപ്തമാക്കാനായി. പേവിഷബാധ നിയന്ത്രിക്കുന്നതിന് 7000 ൽ പരം തെരുവുനായ്ക്കളിൽ വന്ധ്യംകരണവും പ്രതിരോധ കുത്തിവെയ്പും നടത്തി.
എസ്.എസ്.എൽ.സി പരീക്ഷ നേരിടുന്നതിനായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ തിരികെ തിരുമുറ്റത്തേക്ക് പദ്ധതിയും ജനപ്രീതി നേടി. ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിന് 56 കോടി രൂപയുടെ മാസ്റ്റർ പ്‌ളാനിന് കിഫ്ബിയുടെ അംഗീകാരം നേടി എടുത്തു. കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ട്രാൻസ്‌ജെന്റേഴ്സിനായി പദ്ധതി തയ്യാറാക്കിയത്. വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന ചട്ടുകപ്പാറ വനിതാ വ്യവസായ എസ്റ്റേറ്റ് പ്രവർത്തന സജ്ജമാക്കി. കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നുകളും അവശ്യസാധനങ്ങളും വീടുകളിലേക്ക് എത്തിച്ചു നൽകുന്നതിന് കാൾ സെന്റർ ആരംഭിച്ച ബഹുമതിയും കണ്ണൂർ ജില്ലാ പഞ്ചായത്തിനാണ്.
ഭരണ-പ്രതിപക്ഷ ഭേദമെന്യേ ലഭിച്ച സഹകരണവും ഐക്യവുമാണ് ഇത്രയും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞത്. ലക്ഷ്യമിട്ടിരുന്ന പദ്ധതികളേറെയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റ് ജില്ലാ പഞ്ചായത്തുകൾക്ക് മാതൃകയാക്കാവുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്
- കെ.വി.സുമേഷ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
'അപസ്വരങ്ങളില്ലാത്ത ഭരണമാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി കാഴ്ചവച്ചത്. ആദ്യത്തെ ഒരു വർഷം മാത്രമായിരുന്നു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്. പിന്നീട് അതും ഇല്ലാതായി. അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകിയാണ് ഭരണം മുന്നോട്ടുപോയത് '-അൻസാരി തില്ലങ്കേരി (യു.ഡി.എഫ് പ്രതിനിധി )
കക്ഷിനില
ഡിവിഷൻ 24
എൽ.ഡി.എഫ് 15
യു.ഡി.എഫ് 9