
കാസർകോട്: കൊവിഡ് ബാധിതർ പെരുകുന്ന സാഹചര്യത്തിൽ ഈ മാസം നടത്തുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുളള പി.എസ്.സി പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് വെല്ലുവിളിയാകും. അപേക്ഷകരിൽ ഭൂരിപക്ഷവും വനിതകളായ തസ്തികയിലേക്ക് നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മാത്രമാണ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത്. ഈ ജില്ലകൾക്ക് പുറത്തുനിന്ന് പരീക്ഷ എഴുതുന്നവരുടെ കാര്യമാണ് ഏറെ ദുഷ്കരം.
കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളവർ എങ്ങനെ പരീക്ഷയ്ക്ക് എത്തുമെന്നതും ആശങ്കയിലാണ്. താമസ സൗകര്യങ്ങൾ ലഭിക്കുന്നതിലുള്ള അപര്യാപ്തതയും ദൂരസ്ഥലങ്ങളിൽ നിന്നെത്തി പരീക്ഷയെഴുതേണ്ടവർക്ക് തടസമാണ്. പൊതുഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതു കാരണം ഉദ്യോഗാർത്ഥികൾക്ക് സുരക്ഷിതമായി പരീക്ഷ കേന്ദ്രങ്ങളിൽ എത്തുന്നതിനും പ്രയാസമുണ്ടാകും. വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കുമെന്ന് പി.എസ്.സി പറയുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. കൊവിഡ് ബാധിതരായുള്ളവർ പരീക്ഷയെഴുതാനുളള ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥയിലല്ല. പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ വൈറസ് ബാധയേൽക്കുന്നവർക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞെന്നു വരില്ല. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ, ഇതര രോഗങ്ങൾ ഉള്ളവർ, കേരളത്തിന് പുറത്തുള്ളവർ, ക്വാറന്റൈനിലുള്ളവർ തുടങ്ങി നിരവധി പേർ പരീക്ഷ എഴുതാനുണ്ട്.
എട്ടുവർഷത്തെ കാത്തിരിപ്പ്
എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം എത്തിയതാണ് ഈ പരീക്ഷ. ഏപ്രിൽ ഒന്നിന്റെ ഉത്തരവ് പ്രകാരം 3000 തസ്തികകൾ ഇല്ലാതായെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. നവംബറിൽ കൊവിഡ് അതിവ്യാപനത്തിന്റെ ഘട്ടമാണെന്ന് വിദഗ്ദ്ധരും സർക്കാരും പറയുന്നുണ്ട്. ഈയൊരവസരത്തിലാണ് പി.എസ്.സി പരീക്ഷ നടത്തുന്നത്.
എക്സാം പാറ്റേൺ, നിലവിൽ എത്ര ഒഴിവുകൾ, റാങ്ക് ലിസ്റ്റ് കാലാവധിയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകൾ തുടങ്ങിയവയൊന്നും പി.എസ്.സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ പ്രഹസനമായി പരീക്ഷ നടത്തുവാനുള്ള തീരുമാനം പി.എസ്.സി പുനഃപരിശോധിക്കണം.
എസ്. അലീന
(യുണൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ട് കോളജിയേറ്റ് എഡ്യുക്കേഷൻ ജനറൽ കൺവീനർ)