നീലേശ്വരം: വെള്ളരിക്കുണ്ട് താലൂക്കിൽ ഫയർഫോഴ്സ് യൂണിറ്റിന് സാദ്ധ്യത തെളിയുന്നു. ഇതിനായി മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദ്ദേശത്തെ തുടർന്ന് ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപമുള്ള ഒരേക്കർ സ്ഥലം യൂണിറ്റിന് അനുയോജ്യമാണെന്ന് ഇതിനായി നിയോഗിച്ച സംഘം വിലയിരുത്തി.

റോഡ്, ജല സൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. അഗ്നിശമന കേന്ദ്രത്തിന് പുറമെ ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഉൾപ്പെടെയാണ് നിർമ്മിക്കാനുദ്ദേശിക്കുന്നത്. കാഞ്ഞങ്ങാട് അഗ്നിശമന കേന്ദ്രം ഓഫീസർ കെ.വി. പ്രഭാകരൻ, വെള്ളരിക്കുണ്ട് തഹസിൽദാർ കുഞ്ഞിക്കണ്ണൻ, അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ബാബു, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല, മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതിനിധി കെ. പത്മനാഭൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ച് അഗ്നിരക്ഷാനിലയത്തിന് അനുയോജ്യമാണെന്ന് വിലയിരുത്തിയത്.

ബിരിക്കുളത്ത് അഗ്നിശമന കേന്ദ്രം വന്നാൽ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകൾക്കും അതിന്റെ ഗുണം ലഭിക്കും. ഇപ്പോൾ തീ പിടിച്ചാലും മറ്റ് അപകടങ്ങൾ സംഭവിച്ചാലും കാഞ്ഞങ്ങാട്, പെരിങ്ങോം അഗ്നിശമന കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.