പയ്യന്നൂർ: റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള ഫുട് ഓവർബ്രിഡ്ജ് കിഴക്ക് ഭാഗത്തേക്ക് കൂടി ദീർഘിപ്പിച്ച് നിർമ്മിച്ചതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും നഗരസഭ പദ്ധതി വിഹിതവും ഉപയോഗിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് നിലവിലെ നടപ്പാലം മൂന്നും നാലും റെയിൽവേ ട്രാക്ക് കഴിഞ്ഞ് കിഴക്ക് മമ്പലം ഭാഗത്തേക്ക് 23 മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലുമായി നീളം കൂട്ടി നിർമ്മിച്ചത്. ഇതിനോടനുബന്ധിച്ച് മമ്പലം ഭാഗത്ത് ഫുട് ഓവർബ്രിഡ്ജ് വരെ 500 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും കോൺക്രീറ്റ് റോഡും നിർമ്മിച്ചിട്ടുണ്ട്.

പയ്യന്നൂർ ടൗൺ, മഹാദേവ ഗ്രാമം, മാവിച്ചേരി, കണ്ടങ്കാളി, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാൽ നടയായും വാഹനങ്ങളിലും എളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടാൻ കഴിയുന്നത് കിഴക്ക് ഭാഗത്താണ്. ഇത് കൂടാതെ സ്റ്റേഷന് കിഴക്ക് മമ്പലം, തെരു, കാനം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ പൊതു ഗതാഗതത്തിനും യാത്രക്കും മറ്റുമായി ആശ്രയിക്കുന്നത് സ്റ്റേഷൻ പ്രധാനകവാടം സ്ഥിതി ചെയ്യുന്ന കൊറ്റിയെയാണ്. നിലവിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് കൊണ്ട് മാത്രമാണ് നടപ്പാലമുണ്ടായിരുന്നത്. എഫ്.സി.ഐ ഗോഡൗണിലേക്ക് അടക്കമുള്ള മൂന്നും നാലും ട്രാക്കുകളിൽ നിർത്തിയിടുന്ന ഗുഡ്സ് ട്രെയിനുകൾക്കടിയിലൂടെ ജീവൻ പണയപ്പെടുത്തി നുഴഞ്ഞ് കയറിയാണ് സ്റ്റേഷന് കിഴക്ക് ഭാഗത്ത് നിന്നും വരുന്ന യാത്രക്കാർ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നത്.

വൃദ്ധരും, കുട്ടികളും, ഗർഭിണികളുമായ യാത്രക്കാർ ഏറെ സാഹസപ്പെട്ടാണ് ഇപ്പുറം കടന്നിരുന്നത്. ഇതിന് പരിഹാരമായി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് മൂന്നും നാലും ട്രാക്കുകൾ കടന്ന് പോകുവാൻ കഴിയുംവിധം കിഴക്ക് ഭാഗത്തേക്ക് മേൽ നടപ്പാലം അനുവദിക്കണമെന്ന നിരന്തര ആവശ്യം റെയിൽവേ അവഗണിക്കുകയായിരുന്നു.