തില്ലങ്കേരി: ഏറേകാലത്തെ കാത്തിരിപ്പിനൊടുവിൽ കുന്നുമ്മൽ -താഴെപാലത്തിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. പാലത്തിന് അപ്രോച്ച് റോഡ് നിർമ്മാണം വൈകുന്നത് സംബന്ധിച്ച് കേരളകൗമുദി നേരത്തേ വാർത്ത നല്കിയിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. മാർഗരറ്റ് ജോസ് മുൻകൈയെടുത്ത് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുന്നുമ്മൽ താഴെ പാലം പുനർ നിർമ്മിച്ചത്. തില്ലങ്കേരി ഗ്രാമ പഞ്ചായത്തിലെ പനക്കാട് അമ്പലം ഉരുപ്പ്കാട് റോഡിലെ കുന്നുമ്മൽതാഴെ പാലം 9 വർഷത്തോളമായി തകർന്ന് അപകടാവസ്ഥയിൽ ആയിരുന്നു. പാലത്തിന്റെ നടുഭാഗം താഴ്ന്ന് വി ആകൃതിയിലായിരുന്നു പാലത്തിന്റെ രൂപം.

2013 ജൂൺ മാസത്തിൽ തകർന്ന പാലത്തിൽ നിന്നും ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ച സംഭവം ഉൾപ്പെടെ നിരവധി അപകടങ്ങളായിരുന്നു ഉണ്ടായത്. ജില്ല പഞ്ചായത്ത് 2017-18 വാർഷികപദ്ധതിയിലുൾപ്പെടുത്തി 47ലക്ഷം രൂപ ചെലവിലാണ് പുതിയപാലം നിർമ്മിച്ചത്. അപ്രോച്ച് റോഡ് നിർമ്മിക്കാത്തത് യാത്രക്കാർക്ക് ദുരതമായി മാറിയിരുന്നു. ഫണ്ടില്ലാത്തതായിരുന്നു അതിന് കാരണം.

തുടർന്ന് വീണ്ടും ജില്ല പഞ്ചായത്ത് അൻപത് ലക്ഷം രൂപ കൂടി അനുവദിച്ചതോടുകൂടിയാണ് അപ്രോച്ച് റോഡ് നിർമ്മാണവും റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തിയും ആരംഭിച്ചത്. നിർമ്മാണം പൂർത്തിയാക്കിയ പാലം ഇന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നാടിന് സമർപ്പിക്കും.