കൂത്തുപറമ്പ്: ജലാശയങ്ങളിൽ വീണ് കാണാതാവുന്നവർക്ക് വേണ്ടി ആഴങ്ങളിൽ തിരച്ചിൽ നടത്തുന്നതിനു വേണ്ടിയുള്ള സ്കൂബ ടീം കൂത്തുപറമ്പ് ഫയർഫോഴ്സിൽ സജ്ജമായി. പാലത്തുങ്കരയിലുള്ള ഫയർ ആൻഡ് റസ്ക്യു ഓഫീസ് കേന്ദ്രീകരിച്ചാണ് ഏഴംഗ സ്കൂബ ഡൈവിംഗ് ടീം സജ്ജമായിട്ടുള്ളത്.
രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള രണ്ട് സെറ്റ് ഉപകരണങ്ങളാണ് സ്കൂബ ടീമിന് സർക്കാർ അനുവദിച്ചിട്ടുള്ളത്. എയർ സിലിണ്ടർ, സ്പൈഡർ പ്രഷർ മീറ്റർ, ഡെപ്ത് മീറ്റർ, ദിശ അറിയാനുള്ള ഉപകരണം, സേഫ്റ്റി സെൻസർ എന്നിവ ഉൾപ്പെടെയുള്ളവയാണ് ഇവരുടെ കൈയിലുള്ളത്. അണ്ടർ വാട്ടർ സ്കൂബ സിലിണ്ടർ സെറ്റ് ഉപയോഗിച്ച് ഒരു മണിക്കൂർ വരെ വെള്ളത്തിനടിയിൽ തിരച്ചിൽ നടത്താനാവും. 40 മിനുട്ട് കഴിയുമ്പോൾ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ സൂചനയായി അലാറം മുഴങ്ങും. കിറ്റ് ധരിച്ച് വെള്ളത്തിനടിയിൽ ഉള്ള സേനാംഗങ്ങൾക്ക് കരയിൽ നിന്നും പ്രത്യേകം ബന്ധിപ്പിച്ചിട്ടുള്ള കയർവഴി നിർദ്ദേശങ്ങൾ നൽകാനും സാധിക്കും.
പരിശീലനം ഫോർട്ടുകൊച്ചിയിൽ നിന്ന്
ഫയർഫോഴ്സിന്റെ ഫോർട്ട് കൊച്ചിയിലെ ജലരക്ഷാ കേന്ദ്രത്തിൽ നിന്നും വിദഗ്ധ പരിശീലനം നേടിയ ഏഴു പേരാണ് ടീമിൽ ഉള്ളത്. കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ആമ്പിലാട് ചോരക്കുളത്താണ് തുടർ പരിശീലനം നടക്കുന്നത്. അസി. സ്റ്റേഷൻ ഓഫീസർ ഡി. അജികുമാർ, സീനിയർ ഫയർ ഓഫീസർ കെ. ദീപുകുമാർ, ഇ.കെ. ആസിഫ്, ബി. മുഹമ്മദ് സാഗർ, രാഗേഷ് തോട്ടത്തി, ബാബു ആയോടൻ, എ.കെ അഭിലാഷ്, വി.കെ. റിജിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.