കാസർകോട്: കാർഷിക വിളകൾ നശിപ്പിക്കുന്ന, കർഷകരുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അപേക്ഷകളിൽ വനം വകുപ്പ് അനുമതി നൽകുന്നു. അതത് റേഞ്ച് ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്. ജില്ലയിലെ കർഷകരിൽ നിന്നും ഈ ആവശ്യത്തിന് അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡി.എഫ്.ഒ അനൂപ് കുമാർ പറഞ്ഞു.

കാട്ടുപന്നികളെ വെടിവെക്കേണ്ട ആവശ്യത്തിന് ഉപാധികളോടെ തോക്കുകൾക്ക് അനുമതി നൽകും. ആറുമാസത്തേക്കാണ് അനുമതി നൽകുക. ഇങ്ങനെ കാട്ടുപന്നികളെ നിയമവിധേയമായി വെടി വെക്കുന്നവർക്ക് 1000 രൂപ പാരിതോഷികവും നൽകും. ജില്ലയിലെ കർണാടക വനാതിർത്തിയിൽ നിന്ന് നാട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തിരികെ വിടുന്നതിന് കുങ്കിയാനകളെ കൊണ്ടുവരും. നാട്ടിൽ ഇറങ്ങി ശല്യം ചെയ്യുന്ന കാട്ടു കുരങ്ങുകളെ കൂടു സ്ഥാപിച്ച് പിടികൂടി വന്ധ്യംകരിച്ച് ഉൾക്കാട്ടിൽ വിടും.

സ്ഥലം സന്ദർശിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡന് കാസർകോട് ജില്ലയിലെ വന്യജീവി ശല്യത്തെ കുറിച്ച് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ആനകളെ തുരത്താൻ പരിചയ സമ്പന്നരായ എട്ടുപേരെ ആറളത്ത് നിന്ന് കൊണ്ടുവന്നു. 2008 ലെ വന്യജീവി സെൻസസ് പ്രകാരം ജില്ലയിൽ കാട്ടാനകൾ ഒന്നും ഇല്ല എന്നാൽ ജില്ലയിൽ എട്ട് ആനകൾ താവളം ഉറപ്പിച്ചിട്ടുണ്ട്. ഇത് കർണാടക വനത്തിൽ നിന്നും ഭക്ഷണം തേടി ഇറങ്ങിയവയാണ്. കർണാടക വനം വകുപ്പുമായി ചർച്ച ചെയ്ത് ഈ കാട്ടാനകളെ കർണാടക വനത്തിലേക്ക് തിരികെ എത്തിക്കും. നവംബർ അഞ്ചിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം വീഡിയോ കോൺഫറൻസിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.