
ഉദിനൂർ: അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികളേയും സ്കൂൾ പ്രവർത്തനങ്ങളേയും ഓൺലൈനിൽ പുനരാവിഷ്കരിക്കുകയാണ് വിദ്യാലയങ്ങൾ. വൈവിദ്ധ്യമാർന്ന പരിപാടികളാണ് പല വിദ്യാലയങ്ങളും തയ്യാറാക്കുന്നത്. ക്ലബ് ഉദ്ഘാടനങ്ങൾ മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിന്റെ ഇംഗ്ലീഷ് ക്ലബ് ഓൺലൈൻ ഉദ്ഘാടനം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ നിന്നാണ് ക്ലാസിന്റെ ഉദ്ഘാടക.
മെക്സിക്കോയിലെ ഗൗതലജാറ യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗത്തിൽ പ്രൊഫസറും ഇംഗ്ലീഷ് ഭാഷാ പ്രചാരകയുമായ സാൻഡ്രയാണ് ഉദ്ഘാടനം നിർവഹിച്ചത്. വളരെ സരസമായ ഉദ്ഘാടന പ്രസംഗം കുട്ടികൾ നന്നായി ആസ്വദിച്ചു. സ്പാനിഷ് ആണ് മെക്സിക്കോ വംശജയായ സാൻഡ്രയുടെ മാതൃഭാഷ. സ്പാനിഷ് സ്ലാംഗിൽ ഉദിനൂർ പോലുള്ള വാക്കുകൾ സാൻഡ്ര ഉച്ചരിച്ചത് കുട്ടികൾക്ക് നന്നായി രസിച്ചു. ചടങ്ങിന് ആശംസയർപ്പിക്കാൻ ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ വെബർ കെയ്സറും എത്തി.
ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ അദ്ധ്യാപകനും എഴുത്തുകാരനുമായ എ.വി സന്തോഷ് കുമാർ തന്റെ ഫുൾബ്രൈറ്റ് ഫെലോഷിപ്പിന്റെ ഭാഗമായി അമേരിക്കയിൽ വച്ചാണ് സാൻഡ്രയുമായും വെബറുമായും പരിചയപ്പെടുന്നത്. എൽ.പി വിഭാഗം ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം വിക്ടേഴ്സ് ചാനലിൽ രണ്ടാം ക്ലാസ് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വി.എൽ നിഷ നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. സുരേശൻ ആശംസകൾ നേർന്നു. പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറി.