
സംസ്ഥാന സെക്രട്ടറിയായ ശേഷം 2017 ഒക്ടോബറിൽ നടത്തിയ ജനജാഗ്രതായാത്ര കൊടുവള്ളിയിൽ എത്തിയപ്പോഴാണ് കാരാട്ട് ഫൈസലിന്റെ മിനി കൂപ്പർ ആഡംബര കാറിൽ കോടിയേരിയെ ആനയിച്ചത്. 2013ലെ കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ ഏഴാം പ്രതിയായിരുന്നു ഫൈസൽ.
കോഴിക്കോട്: ജനജാഗ്രതായാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണനെ വെട്ടിലാക്കിയ മിനി കൂപ്പർ കാർ യാത്രയുടെ സൂത്രധാരൻ സ്വർണക്കടത്ത് കേസിൽ ഇന്നലെ കസ്റ്റംസിന്റെ കസ്റ്റഡിയിലായ കാരാട്ട് ഫൈസലായിരുന്നു.
വിവാദമായതോടെ കോടിയേരിയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി വിലയിരുത്തുകയും ചെയ്തു.
പി.ടി. എ റഹീം എം. എൽ.എയുടെ അടുത്ത അനുയായിയായ ഫൈസൽ ലീഗിലൂടെയാണ് രാഷ്‌ട്രീയരംഗത്ത് വന്നത്. റഹീം ലീഗ് വിട്ടപ്പോൾ ഫൈസലും ആ ബന്ധം ഉപേക്ഷിച്ചു. റഹീം രൂപീകരിച്ച നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയുടെ നേതാവായി. ഈ പാർട്ടി പിന്നീട് ഐ.എൻ.എല്ലിൽ ലയിച്ചു.
സ്വർണ കള്ളക്കടത്തുകാരുടെയും കുഴൽപണ ഇടപാടുകാരുടെയും കേന്ദ്രമായി അറിയപ്പെടുന്ന മലയോര പട്ടണമായ കൊടുവള്ളിയിൽ ഇരുന്നൂറിലധികം സ്വർണക്കടകളുണ്ട്. തിരുവനന്തപുരത്ത് നയതന്ത്ര സ്വർണക്കടത്ത് പിടികൂടിയതിന് പിറകെ ഇവിടെ റെയ്ഡ് നടന്നിരുന്നു.