കൊയിലാണ്ടി : കൊയിലാണ്ടി തുറമുഖം സജീവമാകുന്നതോടെ പ്രതിവർഷം 500 കോടി രൂപ വില മതിക്കുന്ന 20,000 ടൺ മത്സ്യോല്പാദനത്തിന് സാഹചര്യമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ തീരദേശ മേഖലയിലെ ഏതാണ്ട് 19,000 മത്സ്യത്തൊഴിലാളികൾക്ക് മൺസൂൺ കാലത്തെ പ്രതികൂല കാലാവസ്ഥയിൽപ്പോലും ഇനി മത്സ്യബന്ധനം നടത്താൻ സാധിക്കും.
കൊയിലാണ്ടി തുറമുഖത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ സ്വന്തം സേനയായാണ് കേരളം കാണുന്നത്. തീരദേശ പശ്ചാത്തല സൗകര്യ വികസനത്തിന് സർക്കാർ ഏറെ ഊന്നൽ നൽകുന്നുണ്ട്. മത്സ്യബന്ധന തുറമുഖ നിർമ്മാണം, പാരമ്പര്യേതര രീതിയിലുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശ റോഡ് നിർമ്മാണം തുടങ്ങി ഒട്ടേറെ പദ്ധതികൾ ഈ കാലയളവിൽ ഹാർബർ എൻജിനിയറിംഗ് വകുപ്പ് മുഖേന ഏറ്റെടുത്ത് നടപ്പാക്കാൻ സാധിച്ചു.
ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് 24 മത്സ്യബന്ധന തുറമുഖങ്ങളിൽ 13 എണ്ണം മാത്രമാണ് പൂർണതോതിൽ പ്രവർത്തിച്ചിരുന്നത്. പുതിയ തുറമുഖങ്ങൾ ആരംഭിക്കുന്നതിന് പകരം നിലവിലുള്ളത് പ്രവർത്തനസജ്ജമാക്കിയത് മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമായി.
മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം മുൻകാലങ്ങളിൽ കേന്ദ്ര സഹായ പദ്ധതിയായാണ് നടപ്പിലാക്കിയിരുന്നത്. പദ്ധതികൾക്ക് 50 മുതൽ 75 ശതമാനം വരെ സഹായം ലഭിച്ചിരുന്നു. പിന്നീട് ആ സഹായത്തിൽ കുറവ് വന്നു. ഇപ്പോൾ ഹാർബർ ഉൾപ്പെടെ, പശ്ചാത്തല വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാനം തനതു രീതിയിൽ തന്നെ പണം കണ്ടെത്തേണ്ടി വരുന്നു.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടി അമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽ.എ മാരായ കെ.ദാസൻ, സി.കെ.നാണു എന്നിവർ മുഖ്യാതിഥികളായിരുന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി, സ്ഥിരംസമിതി അംഗം ദിവ്യ സെൽവരാജ്, കൗൺസിലർമാരായ വി.പി.ഇബ്രാഹിം കുട്ടി, റഹ്‌മത്ത്, മത്സ്യബന്ധന ഹാർബർ എൻജിനിയറിംഗ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ചീഫ് എൻജിനിയർ ബി.ടി.വി. കൃഷ്ണൻ, സൂപ്രണ്ടിംഗ് എൻജിനിുയർ കുഞ്ഞമമ്മു പറവത്ത്, മുൻ എം എൽ എ പി.വിശ്വൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി കുഞ്ഞിരാമൻ തുടങ്ങിയവർ സംബന്ധിച്ചു.
ചെലവ് 66. 07 കോടി
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഹാർബർ 66. 07 കോടി രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. ഇവിടെ 2,515 മീറ്റർ നീളമുള്ള പുലിമുട്ടുകൾ, 180 മീറ്റർ നീളത്തിൽ വാർഫുകൾ, 510 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലേല ഹാൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, അഴുക്കുചാലുകൾ, ജലലഭ്യത, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, കടമുറികൾ തുടങ്ങി എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചു കഴിഞ്ഞു.