
രണ്ടാംഘട്ട പ്രക്ഷോഭം ഇന്ന് മുതൽ
കോഴിക്കോട്: മാവൂർ റോഡ് ചാളത്തറ ശ്മശാനത്തിലെ പരമ്പരാഗത സംസ്‌കാരചടങ്ങ് നിർത്തിവെ
യ്ക്കാനുള്ള കോഴിക്കോട് കോർപ്പറേഷൻ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി രണ്ടാംഘട്ട പ്രക്ഷാഭത്തിലേക്ക്. നവീകരണ പ്രവൃത്തി നടക്കുമ്പോൾ ശ്മശാനം പൂർണമായി അടച്ചിടാതെ പരമ്പരാഗത രീതിയിൽ സംസ്‌കാരചടങ്ങ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു.
പരമ്പരാഗത സംവിധാനം അവസാനിപ്പിക്കുന്നതിന് എതിരെ നേരത്തെ പ്രതിഷേധം സംഘടിപ്പിക്കുകയും കോർപ്പറേഷൻ മേയർ, സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. മാവൂർ റോഡ് ശ്മശാനത്തിൽ നിലവിലുള്ള മൂന്ന് കെട്ടിടങ്ങളിൽ ഒന്നിൽ സംസ്‌കാരം തുടരുകയോ താൽക്കാലിക ചൂള സംവിധാനം ഒരുക്കുകയോ വേണമെന്ന് കോർപ്പറേഷൻ അധികൃതർക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കുന്നത്.
വൈദ്യുതി, വാതക സംവിധാനത്തോടെയുള്ള ഒരു നവീകരണ പ്രവർത്തനത്തിനും ഹിന്ദു സംഘടനകൾ എതിരല്ല. നവീകരണത്തിന്റെ മറവിൽ പരമ്പരാഗത സംസ്‌കാര രീതി നിർത്തലാക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. അത് മാവൂർ റോഡിലെ മുതലാളി താൽപര്യമാണ്. ക്ഷേത്രക്കുളങ്ങളിൽ മത്സ്യകൃഷി നടത്താൻ അനുമതി നൽകിയ കോർപ്പറേഷൻ നടപടി പിൻവലിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
ഗാന്ധിജയന്തി ദിനമായ ഇന്ന് രണ്ടാംഘട്ട പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. വൈകിട്ട് മൂന്നിന് ഹിന്ദു സമുദായിക സംഘടന നേതൃയോഗവും നാലിന് വൈകീട്ട് മൂന്നുമണിക്ക് ശാരദ അദ്വൈതാശ്രമത്തിൽ ക്ഷേത്ര ഭാരവാഹി യോഗവും ചേരും. ഒക്ടോബർ ആറു മുതൽ പത്ത് വരെ ശ്മശാനത്തിന് മുന്നിൽ പഞ്ചദിന സത്യഗ്രഹ സമരവും 12ന് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും നടത്തും. സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല മാർച്ച് ഉദ്ഘാടനം ചെയ്യും. പ്രക്ഷോഭം ജില്ലാതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നൂറ് പ്രക്ഷോഭ സമിതികളുടെ രൂപീകരണം ഈ മാസം അഞ്ചിനുള്ളിൽ പൂർത്തിയാക്കും. വാർത്താ സമ്മേളനത്തിൽ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ദാമോദരൻ കുന്നത്ത്, ജില്ലാ സെക്രട്ടറി സുനിൽ കുമാർ പുത്തൂർമഠം എന്നിവരും പങ്കെടുത്തു.