karatt-faizal

കോഴിക്കോട് / കൊച്ചി :തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗൺസിലറും ,പ്രമുഖ വ്യവസായിയുമായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുലർച്ചെ വീട്ടിലും മറ്റൊരു കെട്ടിടത്തിലുമായി നടത്തിയ റെയ്ഡിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ചില രേഖകൾ കണ്ടെടുത്തതായാണ് വിവരം. ഉച്ചയ്ക്ക് ശേഷം കസ്റ്റംസ് സംഘം കാരാട്ട് ഫൈസൽ എം.ഡി യായുള്ള കൊടുവള്ളിയിലെ കിംസ് ആശുപത്രിയിലും റെയ്ഡ് നടത്തി. കള്ളക്കടത്തിലൂടെ ലഭിച്ച പണം ആശുപത്രിയിൽ മുടക്കിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചന.

ഉച്ചയോടെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഓഫീസിലെത്തിച്ച ഫൈസലിനെ സ്വർണക്കടത്ത് കേസന്വേഷിക്കുന്ന എൻ.ഐ.എ., എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുമെന്നാണ് വിവരം. സ്വർണം കടത്തിയ സ്വപ്ന സുരേഷ് സംഘവുമായി ബന്ധപ്പെട്ട് വൻതുക മുടക്കിയെന്ന് സംശയിക്കുന്ന ഇയാളെ അറസ്റ്റു ചെയ്തേക്കും.

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഘവുമായി ബന്ധപ്പെട്ട് 80 കിലോയോളം സ്വർണം ഇയാൾക്കു വേണ്ടി എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കസ്റ്റംസ് അറസ്റ്റു ചെയ്ത ഫൈസൽ ഫരീദ് നൽകിയ മൊഴിയിൽ ഫൈസലിന്റെ ബന്ധം വിവരിച്ചിട്ടുണ്ട്.കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ഡി.ആർ.ഐ ഇയാളെ മുമ്പ് ചോദ്യം ചെയ്തിട്ടുണ്ട്