crime
കവർച്ചാസംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ആംബുലൻസ് ഡ്രൈവറും സഹായിയും

സുൽത്താൻ ബത്തേരി: ദേശീയപാതയിൽ മൈസൂരിനടുത്ത് നഞ്ചൻകോട് വെച്ച് ആംബുലൻസ് വാനിനു നേരെ തോക്ക് ചൂണ്ടി കവർച്ച ചെയ്യാൻ ശ്രമം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഇന്നലെ പുലർച്ചെയാണ് സംഭവം. ഡ്രൈവർ കാസർകോട് സ്വദേശി ഹനീഫ (32), സഹായി കൊല്ലം സ്വദേശി മനോജ് (36) എന്നിവരാണ് കൊള്ളസംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.
ബംഗളൂരുവിൽ ചികിത്സയിലായിരുന്ന രോഗിയെ ബത്തേരിയിലെ വിനായക ആശുപത്രിയിൽ കൊണ്ടുപോയി വിട്ടശേഷം തിരികെ പോകുന്നതിനിടെയാണ് കൊള്ളസംഘം വാഹനം തടഞ്ഞു നിർത്തി തോക്കു ചൂണ്ടി കൊള്ളയടിക്കാൻ ശ്രമം നടത്തിയത്. പുലർച്ചെ രണ്ട് മണിയോടെ നഞ്ചൻകോട് ആളില്ലാത്ത ഭാഗത്ത് എത്തിയപ്പോൾ അമിതവേഗതയിൽ വന്ന കാറ് ആംബുലൻസിനെ മറികടന്ന് റോഡിന് കുറുകെയിട്ട് തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയവർ തോക്ക് ചുണ്ടി പണം ആവശ്യപ്പെട്ടു. ഡ്രൈവർ വേഗം തന്നെ വാനിന്റെ ഡോർ ലോക്ക് ചെയ്യുകയും സൈറൻ ഇടുകയും ഒപ്പം പൊലീസ് കൺട്രോൾ റൂമിലേക്ക് സന്ദേശം അയയ്ക്കുകയും ചെയ്തു.
ഡോർ തകർക്കാനുള്ള ശ്രമം നടക്കുന്നതിനിടെ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും കൊള്ളസംഘം വാഹനത്തിൽ കയറി കടന്നുകളഞ്ഞു. മൈസൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ദേശീയപാതയിൽ രാത്രി മലയാളികളുടെ വാഹനങ്ങൾ നോക്കി കൊള്ളയടിക്കുന്ന സംഘങ്ങൾ നേരത്തെയുണ്ടെങ്കിലും ആംബുലൻസിന് നേരെ കവർച്ചാശ്രമം നടക്കുന്നത് ആദ്യമാണ്.