തീരദേശത്ത് കൊവിഡ് വ്യാപിക്കുന്നു
കോഴിക്കോട്: കോർപ്പറേഷൻ പരിധിയിലെ തീരദേശ വാർഡുകളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കി. എന്നാൽ പലരും പരിശോധനയ്ക്ക് തയ്യാറാകാത്തത് ആരോഗ്യവകുപ്പിന് തലവേദനയായി. ബേപ്പൂർ പോർട്ട്, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, കപ്പക്കൽ, പയ്യാനക്കൽ, ചക്കുംകടവ് വാർഡുകളിൽ കൊവിഡ് പടർന്നുപിടിച്ചതോടെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലാണ്. ജില്ലയിൽ ചികിത്സയിലുള്ളവരിൽ കൂടുതലും ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. വെള്ളയിൽ മേഖലയിലും പോസിറ്റീവ് കേസുകൾ കൂടിവരികയാണ്. ചില പ്രദേശങ്ങളിൽ കൊവിഡ് പരിശോധനയ്ക്ക് ആളുകൾ തയ്യാറാവാത്തതാണ് രോഗം വ്യാപിക്കാൻ ഇടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. കോർപ്പറേഷനിൽ 32 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലും എട്ട് വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലും 13 വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണിലുമാണ്. 6,630 പേർക്കാണ് ഇതുവരെ കോർപ്പറേഷൻ പരിധിയിൽ രോഗം സ്ഥിരീകരിച്ചത്. 3,107 പേർ നിലവിൽ ചികിത്സയിലുണ്ട്. 219 അന്യസംസ്ഥാന തൊഴിലാളികൾക്ക് പോസിറ്റീവായതിൽ 30 പേർ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കപ്പക്കൽ വാർഡിൽ -62, ചക്കുംകടവ് -15, പയ്യാനക്കൽ -26, മുഖദാർ -47, അരക്കിണർ- 18, നടുവട്ടം- 12, മാറാട് -12, പുഞ്ചപ്പാടം -14, കുറ്റിച്ചിറ- 14 വീതം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു.
രോഗികൾ, സമ്പർക്കം
ആയിരം കടന്ന് !
കൊവിഡ് 1072 സമ്പർക്കം 1005 രോഗമുക്തർ 333
കോഴിക്കോട് : ജില്ലയിൽ 1072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയുള്ള രോഗബാധ 1005 പേർക്കുണ്ട്. കോർപ്പറേഷൻ പരിധിയിൽ മാത്രം 388 പേർക്കും. 45 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ 6 പേരും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 16 പേരും പോസിറ്റീവായി. ഇപ്പോൾ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7485 ആയി. ഇന്നലെ 16 ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 333 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.
ആരോഗ്യപ്രവർത്തകർ
കോഴിക്കോട് കോർപ്പറേഷൻ 6 , ചെറുവണ്ണൂർ (ആവള) 1 , ചാത്തമംഗലം 1, കുന്നുമ്മൽ 1 , കുരുവട്ടൂർ 1 , മുക്കം 1 , പനങ്ങാട് 1, താമരശ്ശേരി 1 , കോാടഞ്ചേരി 1, കൊയിലാണ്ടി 1, നരിക്കുനി 1. വിദേശത്ത് നിന്ന് വന്നവർ തിരുവള്ളൂർ 3, കോഴിക്കോട് കോർപ്പറേഷൻ 1, പനങ്ങാട് 1, മുക്കം 1.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ
ഫറോക്ക് 5, വില്യാപ്പളളി 3, കോഴിക്കോട് കോർപ്പറേഷൻ 2, വടകര 2, രാമനാട്ടുകര 2, കക്കോടി 1, കുന്ദമംഗലം 1. ഉറവിടം വ്യക്തമല്ലാത്തവർ മാവൂർ 7, കോഴിക്കോട് കോർപ്പറേഷൻ 7 (തൊണ്ടയാട്, നടക്കാവ്, പുതിയങ്ങാടി), ഫറോക്ക് 5, കൊടുവളളി 3, തിരുവള്ളൂർ 2, പേരാമ്പ്ര 2, ഓമശ്ശേരി 2, ഉണ്ണിക്കുളം 2, വടകര 2, കാരശ്ശേരി 2, ഒഞ്ചിയം 1, ചോറോട് 1, പെരുമണ്ണ 1, കക്കോടി 1, ഒളവണ്ണ 1, ബാലുശ്ശേരി 1, ചെറുവണ്ണൂർ (ആവള) 1, നാദാപുരം 1, നന്മണ്ട 1, കുരുവട്ടൂർ 1, വില്യാപ്പളളി 1.
പാളയം മാർക്കറ്റ് തുറക്കൽ:
ഇന്ന് കൊവിഡ് പരിശോധന
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മാർക്കറ്റുമായി ബന്ധപ്പെട്ട 300-ഓളം പേർക്ക് ഇന്ന് കൊവിഡ് പരിശോധന നടത്തും. ഏഴ് ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ മാർക്കറ്റിലെ ചുമട്ട് തൊഴിലാളികൾ, വ്യാപാരികൾ, കടകളിലെ തൊഴിലാളികൾ, വാഹന ജീവനക്കാർ എന്നിവർക്ക് പരിശോധനയിൽ രോഗം ബാധയില്ലെന്ന് കണ്ടാൽ പാളയം മാർക്കറ്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകും. കുറച്ച് പേർക്ക് മാത്രമാണ് രോഗബാധയെങ്കിൽ അവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ച് മാർക്കറ്റ് തുറക്കാനും ആലോചനയുണ്ട്. കഴിഞ്ഞ മാസം 23നാണ് പാളയം പച്ചക്കറി മാർക്കറ്റിലെ 232 പേർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മാർക്കറ്റ് അടച്ചിട്ടു. മാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ നിരീക്ഷണ കാലാവധി ബുധനാഴ്ച അവസാനിച്ചു. ഇതേത്തുടർന്നാണ് ഇന്ന് രാവിലെ മുതൽ പാളയത്ത് ആന്റിജൻ പരിശോധന നടത്താൻ തീരുമാനിച്ചത്. പാളയം പച്ചക്കറി മാർക്കറ്റ് അടച്ചതിനെ തുടർന്ന് വേങ്ങേരിയിലെ തടമ്പാട്ടുതാഴം കാർഷിക വിപണന കേന്ദ്രത്തിലാണ് താത്കാലിക മാർക്കറ്റ് പ്രവർത്തിക്കുന്നത്. പാളയത്തേക്ക് ദിനംപ്രതി എത്തിയിരുന്നത് 20 ലോഡ് പച്ചക്കറികളാണ്. തടമ്പാട്ടുതാഴത്തേക്ക് എത്തിക്കുന്നത് അഞ്ച് ലോഡ് മാത്രമാണ്. ചില്ലറ വിൽപ്പന ഒഴിവാക്കിയാണ് പച്ചക്കറികൾ നൽകുന്നത്.