
കോഴിക്കോട്: ജില്ലയിൽ മൂന്നാഴ്ചകൊണ്ട് കൊവിഡ് പോസിറ്റിവിറ്റി നാല് ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർന്നു. അതിവ്യാപന പശ്ചാത്തലത്തിൽ ഈ മാസം 31 വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആകെയുള്ള 19,896 കൊവിഡ് പോസിറ്റീവിൽ 13,052 രോഗികളും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തവയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞമാസം ആദ്യ ആഴ്ചയിൽ 4 ശതമാനമായിരുന്നു.
നിരോധനാജ്ഞ നിലവിൽ വന്നതോടെ പൊതു ഇടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ല. ജോലി സ്ഥലങ്ങൾ, ഓഫീസുകൾ, വാണിജ്യ- വ്യവസായ സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചിരിക്കണം. സർക്കാർ പരിപാടികൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഇത്തരം പരിപാടികളിൽ ആറ് അടി അകലം പാലിക്കണം. സാനിറ്റൈസർ നിർബന്ധം.
കടകളിൽ അനുവദനീയമായ ആളുകളുടെ എണ്ണം ഒരു സമയം 100 ചതുരശ്ര മീറ്ററിന് 15 വ്യക്തികൾ മാത്രം. ആളുകൾ തമ്മിലുള്ള ദൂരം ആറടി ആയിരിക്കണം. അവശ്യ സേവനങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കും ഒഴികെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് പുറത്ത് പോകരുത്. നിയന്ത്രണം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. കളിസ്ഥലങ്ങൾ, ടർഫ്, ജിംനേഷ്യം, യോഗ /ഫിറ്റ്നസ് സെൻറർ, സ്വിമ്മിംഗ് പൂൾ, സിനിമ തിയറ്റർ, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നേരത്തെയുള്ള നിയന്ത്രണം തുടരും. ബീച്ചുകളിൽ രാവിലെയും വൈകീട്ടുമുള്ള നടത്തം നിയന്ത്രിച്ചു. വിനോദ സഞ്ചാര സ്ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ നിരോധനം ഏർപ്പെടുത്തി.
ശവസംസ്കാര ചടങ്ങുകളിൽ 20 , വിവാഹത്തിന് 50 ആളുകൾ മാത്രം. കടകളും സ്ഥാപനങ്ങളും സാനിറ്റൈസർ, തെർമൽ ഗൺ തുടങ്ങിയവ സജ്ജീകരിച്ചിരിക്കണം. രോഗലക്ഷണമുള്ള ആളുകൾ, തൊഴിലാളികൾ, സന്ദർശകർ എന്നിവർ ആശുപത്രികളിലേക്ക് പോകരുത്. ഫോൺ വഴി മെഡിക്കൽ ഓഫീസറെ അറിയിക്കുക. ഇവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് ജാഗ്രത പോർട്ടൽ പിന്തുടരണം. ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 20 ൽ കൂടുതൽ പേർ യോഗം ചേരാൻ പാടില്ല.
സ്ഥാപനങ്ങൾ രണ്ട് ലെയറുകളുള്ള മാസ്ക്കുകൾ, സാനിറ്റൈസറുകൾ എന്നിവ തൊഴിലാളികൾക്ക് നൽകണം. ആശുപത്രി ഒഴികെയുള്ള സ്ഥാപനങ്ങളിൽ എ. സി പ്രവർത്തിപ്പിക്കാൻ പാടില്ല. മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവ നിയന്ത്രിത മേഖലയാക്കി. മാർക്കറ്റുകളിൽ കയറ്റിറക്ക് ജോലികൾ നിശ്ചിത സ്ഥലത്തായി പരിമിതപ്പെടുത്തി. കടകളുടെ നമ്പർ അടിസ്ഥാനത്തിൽ ഒറ്റ ഇരട്ട നമ്പർ ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കയറ്റിറക്ക് നടക്കുക. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, പൊതു സ്ഥലങ്ങൾ ദിവസത്തിലൊരിക്കൽ അണുവിമുക്തമാക്കുന്നുണ്ടെന്ന് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.