കോഴിക്കോട്: ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി. മഹത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന നായനാർ ബാലികാ സദനത്തിലെ സ്മൃതി മണ്ഡപത്തിൽ ജില്ലാ കളക്ടർ സാംബശിവറാവു പുഷ്പാർച്ചന നടത്തി. ഭിന്നശേഷിയുള്ള മുതിർന്ന വ്യക്തികളുടെ തൊഴിൽ പരിശീലനത്തിന് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ നായനാർ ബാലികാ സദനത്തിൽ നടപ്പിലാക്കുന്ന യുഎൽ കെയർ നായനാർ സദനം പദ്ധതിയുടെ അഞ്ചാം വാർഷികാഘോഷവും നടന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൊഴിൽ നൈപുണ്യ പരിശീലനത്തോടൊപ്പം പുനരധിവാസവും ഉറപ്പാക്കുന്ന പദ്ധതിയാണ്. സിറ്റി പൊലീസ് മേധാവി എ. വി ജോർജ് മുഖ്യാതിഥിയായി. മുൻ കളക്ടർ എൻ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ. വി. വി. മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി ശേഖർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ്, യു.എൽ.സി.സി ഫൗണ്ടേഷൻ ചെയർമാൻ പി.രമേശൻ, യു.എൽ.സി.സി സി. ഇ. ഒ രവീന്ദ്രൻ കസ്തൂരി, യു.എൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. ടി. പി. സേതുമാധവൻ, സർഗാലയ സി.ഇ.ഒ പി.പി ഭാസ്‌കരൻ, യു.എൽ കെയർ പ്രിൻസിപ്പാൾ പി. തങ്കമണി തുടങ്ങിയവർ പ്രസംഗിച്ചു.