veedu
അന്യസംസ്ഥാന തൊഴിലാളികൾക്കായി പണിയുന്ന ഹോസ്റ്റൽ ശിലാസ്ഥാപനം കിനാലൂരിൽ മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കുന്നു

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്ന അപ്നാഘർ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കിനാലൂരിൽ അപ്നാഘർ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ഐ.ഡി.സിയുടെ ഒരേക്കർ സ്ഥലം വിലക്കു വാങ്ങിയാണ് ഹോസ്റ്റൽ നിർമ്മിക്കുന്നത്. 500 തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

നാട്ടിലേക്ക് തിരിച്ചു പോകാത്ത നാലു ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾക്ക് വിവിധ ക്യാമ്പുകളിൽ സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിച്ചു. കേരളത്തിലെ തൊഴിലാളികൾക്ക് ലഭ്യമാകുന്ന എല്ലാ നിയമപരിരക്ഷയും ഇവർക്കും ഉണ്ടായിരിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ ഗ്രൗണ്ട് ഫ്ളോറും മറ്റ് പൊതുവായ സൗകര്യങ്ങളും രണ്ടാംഘട്ടത്തിൽ ശേഷിക്കുന്ന ജോലികളും പൂർത്തിയാക്കും.

പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അഹമ്മദ്കോയ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം പി.കെ.നാസർ, ബി. എഫ്. കെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജി.എൽ മുരളീധരൻ എന്നിവർ പങ്കെടുത്തു.