tradfic

കോഴിക്കോട്: കൊവിഡിന്റെ മറവിൽ റോഡിൽ നിയമം ലംഘിച്ച് വാഹനങ്ങൾ പറപറക്കുന്നു. ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനുള്ള ഓൺലൈൻ സംവിധാനമായ ഇ - ചലാൻ നടപ്പാക്കി ഒരു മാസം പിന്നിടുമ്പോഴേക്കും ജില്ലയിൽ 2100 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിഴയിനത്തിൽ 15.25 ലക്ഷം രൂപ മോട്ടോർ വാഹന വകുപ്പ് ഈടാക്കി. ജില്ലയിൽ 9 ഇ– പോസ് മെഷീനുകൾ വഴിയാണ് പരിശോധന നടപ്പാക്കുന്നത്. നിയമ ലംഘനം കണ്ടെത്തുന്ന പക്ഷം ഉടമയ്ക്കോ ഡ്രൈവർക്കോ ഓൺലൈനായി ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇ -ചെലാൻ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഹെൽമറ്റ് ഉപയോഗിക്കാത്തതിനും മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ് ചെയ്തതിനും നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്തതതിനുമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർ.ടി.ഒ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ ജില്ലയിലെ 8 എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ഹെൽമറ്റ് ധരിക്കാത്തതിന് - 1100, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് - 78, നമ്പർ പ്ലേറ്റ് ഇല്ലാത്തത് - 178, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗിന് - 25, മറ്റുള്ളവ - 667എന്നിങ്ങനെയാണ് കേസുകൾ.

" കൊവിഡ് ഭീതിയിൽ ജനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത് സ്വകാര്യ വാഹനങ്ങളാണ്. അതോടൊപ്പം ഗതാഗത നിയമ ലംഘനങ്ങളും കൂടുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും'.

ഷബീർ മുഹമ്മദ് , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.