നാദാപുരം: കൊ വിഡ് വ്യാപനം രൂക്ഷമായ നാദാപുരം ഗ്രാമപഞ്ചായത്തിൽ സൂപ്പർ മാക്കറ്റുകൾ രോഗ വ്യാപന കേന്ദ്രങ്ങളാകുമോയെന്ന ആശങ്ക . കല്ലാച്ചി ടൗണിലെ ബ്യൂട്ടിപാർലറിലെ ജീവനക്കാരനും ചായക്കടയിലെ ജീവനക്കാർക്കും ഇവരുമായി സമ്പർക്കമുണ്ടായവർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കടകൾ അടച്ചിടുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ആരോഗ്യ വകുപ്പും പൊലീസും സ്വീകരിച്ചു. എന്നാൽ അടിക്കടി കടകൾ അടച്ചിടാൻ നിർദ്ദേശം വന്നതോടെ കച്ചവടക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തി . ഇതോടെ നിയന്ത്രണങ്ങളോടെ വൈകീട്ട് 5 മണി വരെ കടകൾ തുറക്കാൻ ധാരണയായി. ചെറുകിട കച്ചവടക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കച്ചവടം ചെയ്യാൻ തയ്യാറായെങ്കിലും സൂപ്പർമാർക്കറ്റുകൾ നിയന്ത്രണങ്ങൾ ലംഘിച്ച് കടക്കുള്ളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതാണ് ആശങ്ക ഉയർത്തുന്നത്. കടകൾക്കുള്ളിലെ ആൾക്കൂട്ടം പുറത്ത് നിന്ന് കാണാനും കഴിയില്ല. ഉപഭോക്താക്കളെ പുറത്ത് നിർത്തി ലിസ്റ്റ് വാങ്ങി സാധനങ്ങൾ നൽകണമെന്ന നിർദ്ദേശം പാലിക്കുന്നില്ലെന്ന് വ്യാപാരി സംഘടനാ നേതാക്കളും പറയുന്നു. സൂപ്പർമാർക്കറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ആവശ്യം ആരോഗ്യ പ്രവർത്തകരും വ്യാപാരികളും പൊലീസിനെ അറിയിച്ചിരിക്കുകയാണ്.